Kerala

പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസുകാരനെ സിപിഎം നേതാവിന്റെ മരുമകന്‍ പൊതിരെ തല്ലി, യൂണിഫോം വലിച്ചു കീറി, പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ രാജകീയ സ്വീകരണം

തിരുവല്ല: പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരനെ സിപിഐ(എം) നേതാവിന്റെ മരുമകന്‍ പൊതിരെ തല്ലിയതായി പരാതി. അതേസമയം ‘അമ്മാവന്‍ ആനപ്പുറത്തു കയറിയതിന്റെ തഴമ്പുമായി’ അഴിഞ്ഞാടിയ പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതാകട്ടേ രാജകീയ വരവേല്‍പ്പും ! മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ പരുക്കുകളോടെ ചികില്‍സയിലാണ്. ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യേണ്ട പ്രതി സ്റ്റേഷന്‍ ജാമ്യം എടുത്ത് വീട്ടിലേക്ക് പോകുകയും ചെയ്തു. പോകുന്ന വഴി പ്രതി, സ്റ്റേഷനുള്ളിലും പുറത്തുമായി പൊലീസുകാരെ തെറി വിളിച്ചിട്ടും ആരും അനങ്ങിയില്ല. തിരുവല്ല സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകിട്ടാണ് കേരളാ പൊലീസിന് തന്നെ അപമാനം വരുത്തി വച്ച സംഭവം അരങ്ങേറിയത്.

കറ്റോട് ജങ്ഷനില്‍ ബേക്കറി നടത്തുന്ന താനുവേലില്‍ അനില്‍ കുര്യാക്കോസാണ് സിവില്‍ പൊലീസ് ഓഫീസറായ നിഷാന്തിനെ മര്‍ദിച്ചതും യൂണിഫോം വലിച്ചു കീറിയതും. സിപിഐ(എം) കറ്റോട് ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ തമ്പി താനുവേലിലിന്റെ മരുമകനാണ് ഇയാള്‍. അനിലിനെതിരായ പരാതി അന്വേഷിക്കാനാണ് നിഷാന്തും മറ്റു പൊലീസുകാരും സ്ഥലത്തു ചെന്നത്.
അനിലിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാന്‍ രണ്ടു മാസം മുമ്പ് ഇരവിപേരൂര്‍ സ്വദേശി രാജപ്പന് വിറ്റിരുന്നു. ഉടമസ്ഥാവകാശം മാറ്റുന്നതിനായി ആര്‍.ടി.ഓഫീസില്‍ എത്തിയപ്പോഴാണ് വാഹനത്തിന് 4500 രൂപ പിഴയടയ്ക്കാനുണ്ടെന്ന് അറിഞ്ഞത്. രാജപ്പന്‍ അനിലിനെ ഫോണിലും നേരിട്ടും ബന്ധപ്പെട്ട് ഇക്കാര്യം പറയുകയും പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് അനില്‍ തയാറാകാതിരുന്നതോടെ രാജപ്പന്‍ കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറയാന്‍ അനിലിനെ ഒരു പൊലീസുകാരന്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു. ഈ പൊലീസുകാരനെ ഇയാള്‍ കണക്കറ്റ് തെറിവിളിച്ചു. നിന്നെ എനിക്കറിയാമെന്നും, നിന്നെ ഞാന്‍ സ്‌കെച്ച് ചെയ്തുവെന്നും ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസുകാരന്‍ എസ്‌ഐ ബി വിനോദ് കുമാറിനെ ഈ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് അനിലിനെ കസ്റ്റഡിയിലെടുക്കാന്‍ എസ്‌ഐ നിര്‍ദേശിച്ചു.

അഞ്ചംഗ പൊലീസ് സംഘം പ്രതിയെ പിടികൂടാന്‍ വൈകിട്ട് അഞ്ചരയോടെ കറ്റോട് ജങ്ഷനിലെ ബേക്കറിയില്‍ എത്തി. ഈ സമയം പ്രതി മദ്യലഹരിയിലായിരുന്നു. എസ്‌ഐ. വിളിക്കുന്നു സ്റ്റേഷനിലേക്ക് വരാന്‍ സിപിഒ നിഷാന്ത് അനിലിനോട് പറഞ്ഞു. ഇതോടെ അസഭ്യവര്‍ഷവുമായി പൊലീസുകാര്‍ക്കു നേരെ ഇയാള്‍ പാഞ്ഞടുത്തു. ഇയാളെ ബലമായി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഷാന്തിന് മര്‍ദനമേറ്റത്. യൂണിഫോം വലിച്ചു കീറുകയും നെയിം പ്ലേറ്റും വിസില്‍ കോഡും വലിച്ചു പൊട്ടിക്കുകയും ചെയ്തു. മല്‍പ്പിടുത്തത്തിനൊടുവില്‍ പൊലീസുകാര്‍ അനിലിനെ ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. ജീപ്പില്‍ നിന്നിറങ്ങിയ ഉടന്‍ ഇയാള്‍ തന്നെ പിടിച്ചു കൊണ്ടു വന്ന പൊലീസുകാര്‍ക്കെതിരേ വീണ്ടും ഭീഷണി മുഴക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഞാനാരാണെന്ന് നിനക്കൊന്നും അറിയില്ലെന്നും നിന്റെയൊക്കെ പണി തെറിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

സ്റ്റേഷനുള്ളിലേക്ക് പ്രതിയെ കയറ്റിയപ്പോഴാണ് അയാള്‍ പറഞ്ഞത് ഒക്കെ സത്യമാണെന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്ക് മനസിലായത്. ഉന്നത ഉദ്യോഗസ്ഥര്‍ ചിലര്‍ ചേര്‍ന്ന് പ്രതിക്ക് രാജകീയ സ്വീകരണമാണ് നല്‍കിയത്. ഉദ്യോഗസ്ഥരുടെ മുറിയില്‍ തന്നെ പ്രതിക്ക് ഇരിപ്പിടവും തരപ്പെടുത്തി നല്‍കി. മര്‍ദനത്തില്‍ പരുക്കേറ്റ പൊലീസുകാരന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 353 വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുക്കാന്‍ എസ്‌ഐ നിര്‍ദ്ദേശം നല്‍കി. മിനിട്ടുകള്‍ക്കകം സിപിഐഎമ്മിന്റയും ഡിവൈഎഫ്‌ഐയുടെയും പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി. തൊട്ടുപിന്നാലെ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ ഫോണുമെത്തി.

ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള തത്രപ്പാടിലായി ചില പൊലീസ് ഉദ്യോഗസ്ഥര്‍. ഇതിനായി ഇവര്‍ തയാറാക്കിയ തിരക്കഥ പ്രകാരം 117-ാംവകുപ്പ് മാത്രം ചുമത്തി രാത്രി പത്തരയോടെ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യം നേടി പുറത്തിറങ്ങുമ്പോഴും ഇയാള്‍ പൊലീസിന് നേരെ ഭീഷണി ഉതിര്‍ത്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്നു. കറ്റോട്ടുള്ള ഇയാളുടെ ബേക്കറിയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരം സന്ദര്‍ശകരാണെന്നും ബേക്കറിക്കുള്ളില്‍ നടക്കുന്ന മദ്യപാന സദസില്‍ ഇവര്‍ പങ്കെടുക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയതെന്ന ആരോപണം പൊലീസുകാര്‍ക്കിടയില്‍ തന്നെ ഉയരുന്നുണ്ട്.
കൃത്യനിര്‍വഹണത്തിനിടെ സഹപ്രവര്‍ത്തകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ നിസാര വകുപ്പ് മാത്രം ചുമത്തി വിട്ടയച്ചതില്‍ പൊലീസുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി പൊലീസുകാരനെ മര്‍ദിച്ചതും അസഭ്യം വിളിച്ചതും. അങ്ങനെയുള്ള ഒരാള്‍ക്ക് സ്റ്റേഷനില്‍ സ്വീകരണം നല്‍കിയതും ജാമ്യം നല്‍കി വിട്ടയച്ചതും തെറ്റായ സന്ദേശം നല്‍കുമെന്നും നാട്ടുകാര്‍ ഇതു കണ്ട് തങ്ങളെ കൈകാര്യംചെയ്യുമെന്നുമാണ് പൊലീസുകാരുടെ ഭയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button