Kerala

ബിയറിലും വൈനിലും യു.ഡി.എഫ് ‘വെള്ളം ചേര്‍ത്തു’ വെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം : ബിയറിലും വൈനിലും യു.ഡി.എഫ് ‘വെള്ളം ചേര്‍ത്തു’ വെന്ന് കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വ പരിശോധന നടത്താതെയാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. 2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത് പ്രകാരമുള്ള സൗകര്യങ്ങള്‍ 418 നിലവാരമില്ലാത്ത ഹോട്ടലുകളില്‍ ലഭ്യമാണോ എന്ന് ഭൗതിക പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ പരിശോധന പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കുകയായിരുന്നു. അബ്കാരി നയത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നത് പഞ്ചനക്ഷത്ര നിലവാരവും അതിനും മുകളില്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്കും മാത്രമാക്കി. എന്നാല്‍ 418 നിലവാരമില്ലാത്ത ഹോട്ടലുകളുള്‍പ്പെടെ 166 ഹോട്ടലുകള്‍ക്ക് 2015 ജനുവരിയില്‍ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കി. 74 ലൈസന്‍സ് ഫയലുകള്‍ പരിശോധിച്ചതില്‍ 2014ല്‍ നിഷ്‌കര്‍ഷിച്ചതു പോലെ പരിശോധന നടത്തിയല്ല ലൈസന്‍സ് നല്‍കിയതെന്ന് വ്യക്തമായതായും സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചപ്പോള്‍ ചില്ലറ വില്‍പനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നിലവിലുള്ള സ്റ്റോക്കിന്മേലുള്ള വര്‍ദ്ധന ഈടാക്കിയിരുന്നു. എന്നാല്‍ ഈ തുക ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ഒടുക്കിയില്ലെന്നാണ് വിമര്‍ശനം. കാലതാമസം വരുത്തിയൊടുക്കിയതിന്റെ പലിശയുമൊടുക്കിയില്ല. കൂടുതല്‍ വീര്യമുള്ള മദ്യത്തിനുള്ള അധിക എകസൈസ് ഡ്യൂട്ടി ഈടാക്കാത്തതും വിമര്‍ശന വിധേയമായി. സംസ്ഥാനത്തെ നാലു ബോട്ട്‌ലിംഗ് യൂണിറ്റുകളില്‍ എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മൂന്നു യൂണിറ്റുകള്‍ ലൈസന്‍സ് നിബന്ധന ലംഘിച്ച് സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികളുടെ ജോബ് വര്‍ക്ക് ചെയ്തതായി കണ്ടെത്തി. 2013-14 മുതല്‍ 2015-16 വരെ മൂന്നു യൂണിറ്റുകളിലായി 88 ബ്രാന്‍ഡുകളുടെ 74.76 ലക്ഷം കെയിസുകള്‍ ബോട്ട്‌ലിംഗ് ചെയ്തു. സംസ്ഥാനത്തിന് പുറത്തെ ഡിസ്റ്റിലറികള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിച്ച് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ 25.16 കോടി രൂപ ഇറക്കുമതി ഫീസായി ലഭിക്കുമായിരുന്നുവെന്നും സി.എ.ജി പറയുന്നു.

മദ്യപിച്ചു വണ്ടിയോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ ദേശീയ പാതയോരത്തുള്ള മദ്യവില്‍പന ശാലകള്‍ നീക്കം ചെയ്യുന്നതിനും ദേശീയ പാതയോരത്തുള്ള മദ്യ വില്‍പനക്കാര്‍ക്ക് ലൈസന്‍സ് ലഭിക്കില്ലെന്നുറപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സംസ്ഥാനം നടപടി കൈക്കൊണ്ടില്ല. 2016 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം നാല് ബാര്‍ ഹോട്ടലുകളും 182 ബിയര്‍, വൈന്‍ പാര്‍ലറുകളും ദേശീയ പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്നു. അലോപ്പതി, ഹോമിയോപ്പതി, പാരമ്പര്യ മരുന്നുകളുടെ മൊത്തക്കച്ചവടവും ചില്ലറ വില്പനയും നടത്തുന്ന 6,985 വ്യക്തികളില്‍ 49 പേര്‍ മാത്രമേ ലൈസന്‍സ് എടുത്തിട്ടുള്ളു. കേരള ലഹരി മരുന്നു നിയന്ത്രണ നിയമപ്രകാരം മൊത്തക്കച്ചവടത്തിനും ചില്ലറ വില്‍പനയ്ക്കും ഇവര്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. അബ്കാരി നിയമ പ്രകാരം ലൈസന്‍സ് എടുത്തവരില്‍ നിന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാത്തതിനാല്‍ സംസ്ഥാനത്തിന് 4.24 കോടി രൂപയുടെ നഷ്ടം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button