KeralaNews

വീരപ്പനെ ഒറ്റിയത് താനാണ് എന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മഅദനി

ബംഗളൂരു: വീരപ്പനെ കൊലപ്പെടുത്താന്‍ താന്‍ സഹായം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും കൃത്രിമക്കാല്‍ മാറ്റിവയ്ക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച പെറ്റീഷനെ എതിര്‍ത്തില്ല എന്ന് കാരണത്താല്‍ അന്നത്തെ ഹോം സെക്രട്ടറിയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാന്‍ തന്റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് വങ്കത്തമാണെന്നും മഅദനി പറഞ്ഞു.

വീരപ്പന്‍ വേട്ടയ്ക്കു നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേനയുടെ തലവന്‍ കെ. വിജയകുമാറിന്റെ ‘വീരപ്പന്‍, ചേസിങ് ദി ബ്രിഗന്‍ഡ’് എന്ന പുസ്തകത്തില്‍ വീരപ്പനെ പിടികൂടാന്‍ ദമനി എന്നയാള്‍ സഹായിച്ചതായി പരാമര്‍ശമുണ്ട്. ദമനി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മഅദനിയുടെ പ്രതികരണം വന്നിരിക്കുന്നത്. ദമനി എന്നയാള്‍ മദനി തന്നെയാണെന്ന് സൂചനകളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യം ശരിവച്ച് മുന്‍ ഡിജിപി നടരാജനും രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് വീരപ്പനെ താന്‍ ഒറ്റിയെന്ന വാര്‍ത്തകള്‍ മഅദനി നിഷേധിച്ചത്്.

സ്‌ഫോടനക്കേസില്‍ ബാംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനി വീരപ്പന്‍ വേട്ടയില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.

വിചാരണ തടവുകാരനായി മഅദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ വീരപ്പന്റെ സഹോദരന്‍ മാതേയനും കോയമ്പത്തൂര്‍ ജയിലിലുണ്ടായിരുന്നു. വീരപ്പന്‍ തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ ചേര്‍ക്കുന്നതായി മാതേയന്‍ പറഞ്ഞ്് മഅദനി അറിഞ്ഞിരുന്നു.

ഇതനുസരിച്ച് ദൗത്യസേനയുടെ നിര്‍ദേശം അനുസരിച്ച് തന്റെ നാല് അനുയായികളെ വീരപ്പന്റെ സംഘത്തിലേക്ക് വിട്ടുതരാമെന്ന് മദനിയെ കൊണ്ട് പറയിച്ചു. പകരം ജാമ്യം വേഗത്തിലാക്കാന്‍ സഹായിക്കാമെന്നായിരുന്നു ദൗത്യസേനയുടെ വാഗ്ദാനം. തുടര്‍ന്ന് ദൗത്യസേനയില്‍ നിന്നുള്ള നാല് പേര്‍ മഅദനിയുടെ ആളുകളെന്ന പേരില്‍ വീരപ്പന്റെ സംഘത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ വീരപ്പന്റെ നീക്കങ്ങള്‍ ദൗത്യസേന തലവന് ചോര്‍ത്തിക്കൊടുത്തു. വീരപ്പന്‍ തിമിര ശസ്ത്രക്രിയക്ക് നാട്ടിലേക്ക് വരുന്നുവെന്ന വിവരം ഇവരാണ് ചോര്‍ത്തി നല്‍കിയത്. വീരപ്പന്റെ നീക്കങ്ങള്‍ മനസിലാക്കിയ ദൗത്യസേന 2014 ഒക്ടോബര്‍ 18ന് ധര്‍മ്മപുരി ജില്ലയില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പു്‌സ്തകത്തില്‍ വിവരിക്കുന്നത്. മഅദനിയെന്നതിന് പകരം ദമനി എന്നാണ് പുസ്തകത്തില്‍ വിവരിച്ചിരുന്നത്.

വീരപ്പനെക്കാളും വലിയ ശത്രുവായിട്ട് തന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും ജയില്‍വാസകാലഘട്ടത്തില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും മഅദനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മഅദനിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

വീരപ്പന്‍വേട്ട, വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം

രണ്ടു ദിവസം മുന്പ് ഒരു മലയാള ദിനപ്പത്രത്തില്‍ വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്ത വന്നതായി അറിഞ്ഞു. ഒരു ഐപിഎസ് ഓഫീസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു സാങ്കല്‍പിക പേരുകാരന്‍ ഞാന്‍ ആണെന്ന രീതിയില്‍ വന്ന ആ വാര്‍ത്തയോട് ഞാന്‍ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്. എന്നാല്‍ മറ്റൊരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ‘ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ മഅദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ വീണ്ടും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇക്കാര്യത്തില്‍ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.

പുതുതായി പ്രചരിക്കുന്ന ഈ വാര്‍ത്ത അവാസ്തവമാണെന്നതിന്റെ തെളിവുകള്‍ അതേ വാര്‍ത്തകളില്‍ തന്നെയുണ്ട്. പുസ്തകം എഴുതിയെന്ന് പറയുന്നയാള്‍ അവകാശപ്പെടുന്നത് ‘ജാമ്യം സംബന്ധമായ കാര്യങ്ങളില്‍ എന്നെ സഹായിക്കാം’ എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാള്‍ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചര്‍ച്ച’ എന്നുമാണ്. വാര്‍ത്തകള്‍ വരുന്ന ഈ കാലയളവ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാന്‍ സുപ്രീം കോര്‍ട്ട് സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീല്‍ തന്നെ സുപ്രീം കോടതിയില്‍ അതിശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തതും. (ഇതേ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ ജയലളിതക്കും ശശികലക്കും വേണ്ടി സ്വത്ത് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതും ശശികല ശിക്ഷിക്കപ്പെട്ട ശേഷം കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി ‘ഉടന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലേയെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ തള്ളിയതുമൊക്കെ….)

ജയലളിതാ ഗവണ്‍മെന്റിന്റെ കഠിനമായ എതിര്‍പ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുന്‌പോള്‍ ”വിദഗ്ദമായ ആയൂര്‍വേദ ചികിത്സ നല്‍കണം” എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലില്‍ അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് ഗവണ്‍മെന്റ് ചെയ്തത്. എന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നില്‍വച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേല്‍ കള്ളക്കേസ് ചുമത്തിയതും 3 വര്‍ഷത്തോളം എനിക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ സന്ദര്‍ശകനെയും അനുവദിക്കാതിരുന്നതും അവസാനം ‘ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പുറത്തെവിടെയും കൊണ്ടുപോകരുത്’ എന്ന് ബാന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചതും ഇതേ ജയലളിതാ ഗവണ്‍മെന്റാണ്.

കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 164 പേരില്‍ ഞാന്‍ ഒഴികെ മുഴുവനാളുകള്‍ക്കും പരോള്‍ നല്‍കിയപ്പോഴും എന്റെ ഉമ്മുമ്മ മരണപ്പെട്ട വേളയില്‍ പോലും എനിക്ക് പരോള്‍ നിഷേധിച്ചതും അത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വകവെച്ചതും ഇതേ കാലയളവിലാണ്. എന്റെ കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ ചെന്നൈയിലെ ഒരു ഗവണ്‍മന്റ് സ്ഥാപനത്തില്‍ പോകാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച പെറ്റീഷനെ ശക്തമായി എതിര്‍ത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുല്‍ ഹുദായെ നിഷ്‌കരുണം സര്‍വീസില്‍നിന്ന് സസ്പന്റ് ചെയ്ത അതേ ജയലളിത ‘വീരപ്പനെ പിടിക്കാന്‍’ എന്റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ ‘വങ്കത്തം’ സാധാരണ മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതേയുള്ളൂ.

ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

കാര്യമായ തോതില്‍ തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷന്‍ പ്രവര്‍ത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ ‘സഹായിക്കാന്‍’ ആളെ തേടി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസിലാകുന്നത്.

ഒരു കാര്യം എനിക്കുറപ്പിച്ച് പറയാന്‍ കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല. വീരപ്പനെക്കാളും ”വലിയ ശത്രു”വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു സൂചിത്തുന്പിന്റെ അളവ് സഹായം പോലും എന്റെ ജയില്‍വാസകാലഘട്ടത്തില്‍ എനിക്ക് ലഭിച്ചിട്ടുമില്ല.
ബാംഗ്ലൂരില്‍ എന്നെ കുടുക്കിയിരിക്കുന്ന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുന്‌പോള്‍ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകള്‍ തീര്‍ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ ‘വെളിപ്പെടുത്തലുകള്‍ക്ക്’ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തതായി കോടതിയില്‍ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാന്‍, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ? – മഅദനി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button