KeralaNews

മഴ പെയ്യിക്കുക എളുപ്പമല്ല; കേരളത്തിന്റെ കൃത്രിമ മഴ പദ്ധതിയില്‍ സഹകരിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: മഴക്കാറായി രൂപപ്പെടാന്‍ സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കാനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതി കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമായി. മഴ പെയ്യിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും ഇത് സാധ്യമാക്കുന്നതെങ്ങനെയെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ പദ്ധതി അത്ര എളുപ്പത്തില്‍ നടക്കുന്നതല്ലെന്നും ഇതിനാല്‍ തന്നെ പദ്ധതിയുമായി തങ്ങള്‍ സഹകരിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൃത്രിമ മഴക്കുള്ള സാധ്യത പ്രായോഗികമായി പരാജയമെന്ന് ബോധ്യപ്പെട്ടതിനാനാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കേരളാ സര്‍ക്കാരിന്റെ നീക്കത്തിനോട് എതിര്‍പ്പ് അറിയിച്ചത്. രാസവസ്തുക്കളുടെ സഹായത്തോടെ വന്‍ ചെലവില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് വ്യക്തമായതിനാലാണ് കൃത്രിമ മഴ (ക്‌ളൗഡ് സീഡിങ്) പദ്ധതികളുമായി സഹകരിക്കേണ്ടെന്ന് കേന്ദ്ര കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം തീരുമാനിച്ചത്. ആറുമാസം മുമ്പാണ് നയപരമായ തീരുമാനമെടുത്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചെന്നൈ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാഹുലേയന്‍ തമ്പി വ്യക്തമാക്കി.

കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സഹകരണം തേടി കേരളാ സര്‍ക്കാര്‍ നാലുമാസം മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ഇതിനോട് സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. കേരളത്തെ കൂടാതെ ദക്ഷിണേന്ത്യയില്‍തന്നെ തമിഴ്‌നാട്, ആന്ധ്രപ്രദേശ് , കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കൃത്രിമ മഴക്കുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല. യുഎഇ അടക്കമുള്ള ചില വിദേശരാജ്യങ്ങള്‍ ക്‌ളൗഡ് സീഡിങ് പദ്ധതി വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാല്‍, വന്‍സാമ്പത്തിക ചെലവുവരുന്ന ഈ പദ്ധതികൊണ്ട് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. ലോകത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെല്ലാം കൃത്രിമ മഴ ഒരു പ്രതീക്ഷ പോലെ നിലനില്‍ക്കുന്നുണ്ട്. മഴക്കായി രാസവസ്തുക്കള്‍ വിതറുന്നതിന് വന്‍ സാമ്പത്തിക ചെലവു വേണ്ടി വരുന്നുണ്ട്. ഈ രംഗം വിദേശ സ്വകാര്യ കമ്പനികളുടെ കുത്തകയാണ്.

തമിഴ്‌നാട്ടില്‍ ഈ പദ്ധതി രണ്ടുതവണ പരീക്ഷിച്ചിരുന്നു. 1975ല്‍ കൃത്രിമ മഴക്കുള്ള നീക്കം നടത്തിയിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തത്തെുടര്‍ന്ന് 2013ല്‍ ചെന്നൈ നഗരത്തിലെ തടാകങ്ങള്‍ക്ക് മീതെ രാസവസ്തുക്കള്‍ വിതറിയിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായ അറ്റ്‌മോസ്‌ഫെറിക്‌സ് ഇന്‍ക് എന്ന സ്വകാര്യ കമ്പനിയാണ് രണ്ട് ഉദ്യമങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. രൂക്ഷമായ കുടിവെള്ള ,വൈദ്യുതി ക്ഷാമത്തത്തെുടര്‍ന്ന് കര്‍ണ്ണാടക പവര്‍ കോര്‍പ്പറേഷന്റെ അഭ്യര്‍ഥന പ്രകാരം ഷിമോഗ ജില്ലയിലുള്ള ലിംഗനമക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും രാസവസ്തുക്കള്‍ വിതറി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലും സമാന നീക്കം നടത്തി.

എന്നാല്‍ ഈ പദ്ധതികൊണ്ടൊന്നും പ്രദേശത്ത് ഉദ്ദേശിച്ച മഴ ലഭിച്ചിരുന്നില്ല. പിന്നീട് പെയ്ത സ്വാഭാവിക മഴ ക്‌ളൗഡ് സീഡിങ് മൂലമാണെന്ന് പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ലോകത്തിന്റെ പല പ്രദേശങ്ങളിലും കൊട്ടിഘോഷിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള കമ്പനികളാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍.

മേഘപാളികളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റുന്നതാണ് കൃത്രിമ മഴക്കു പിന്നിലെ സാങ്കേതിക വിദ്യ. മേഘാവൃതമായ പ്രദേശങ്ങള്‍ റഡാറുകളുടെ സഹായത്താലാണ് കണ്ടത്തെുന്നത്. റോക്കറ്റോ വിമാനങ്ങളോ ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ വിതറുന്നത്. ഭൂമിയില്‍ നിന്ന് 12,000 അടി ഉയരത്തില്‍ രണ്ടായിരം മീറ്റര്‍ കനവും ആറുകിലോമീറ്റര്‍ നീളവുമുള്ള മേഘപടലങ്ങളാണ് കൃത്രിമ മഴക്കായി തെരഞ്ഞെടുക്കുന്നത്.

shortlink

Post Your Comments


Back to top button