
ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിൽ യുഎസ് പങ്ക് ആവർത്തിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. ഇന്ന് രാവിലെ ദോഹയിൽ ബ്രേക്ക് ഫാസ്റ്റിനിടെ കണ്ട കശ്മീരി യുവാവ് സമാധാനം തിരികെ കൊണ്ടുവന്നതിന് ട്രംപിനോട് തന്റെ നന്ദി അറിയിക്കാൻ ആവശ്യപ്പെട്ടു എന്നാണ് ലീവിറ്റ് എക്‌സ് പോസ്റ്റിൽ പറയുന്നത്.
ഇന്ന് രാവിലെ ദോഹയിൽ പ്രഭാത ഭക്ഷണത്തിനിടെ തന്റെ വെയ്റ്റർ പ്രസിഡന്റ് ട്രംപിനെ തന്റെ നന്ദി അറിയിക്കാൻ പറഞ്ഞു. എന്തിനാണെന്ന് താൻ ചോദിച്ചു. അദ്ദേഹം കശ്മീരിയായിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം കാരണം അദ്ദേഹത്തിന് കഴിഞ്ഞ ആഴ്ചകളിൽ വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ട്. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഒരു ആണവയുദ്ധം തടഞ്ഞതിന് ട്രംപിന് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമാണ്. ട്രംപ് അധികാരത്തിലെത്തുമ്പോൾ ലോകമെമ്പാടും നിരവധി സംഘർഷങ്ങളുണ്ടായിരുന്നു. അദ്ദേഹം അവ ഓരോന്നായി പരിഹരിച്ചുവരികയാണെന്നും ലീവിറ്റ് പറഞ്ഞു.
Post Your Comments