NewsInternational

ദുബായില്‍ ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത യുവാവ് മുങ്ങി

ദുബായ് : ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് യുവ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മലയാളി യുവാവ് യുഎഇയില്‍ നിന്ന് മുങ്ങിയതായി പരാതി. പ്രമുഖ കമ്പനിയുടെ ഓഫീസില്‍ ഐ.ടി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം മുളങ്കണ്ടം കൈരളി നഗര്‍ സ്വദേശി ദീപക് കൃഷ്ണയാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ (17.5 ലക്ഷം ദിര്‍ഹം) കൈക്കലാക്കി ഇന്ത്യയിലേയ്ക്ക് മുങ്ങിയത്. തട്ടിപ്പിനിരയായ കൊല്ലം സ്വദേശികള്‍ ഡി. അരവിന്ദ്, എസ്.ഡി. മഞ്ജുഷ, ജെ. ഹരി, ആര്‍. കുമാര്‍, തിരുവനന്തപുരം സ്വദേശി എ.എ. വാഹിദ്, ഗുജറാത്ത് സ്വദേശിനി എസ്. ചാച്യ എന്നിവര്‍ ദുബായ് പൊലീസ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കൊല്ലം പൊലീസ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി.

2011 ജനുവരിയിലാണ് തട്ടിപ്പിന് കാരണമായ സംഭവത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം കമ്പനിയിലെ ജോലി രാജിവച്ച ദീപക് താനൊരു റിയല്‍ എസ്റ്റേറ്റ് കമ്പനി തുടങ്ങുകയാണെന്നും അതിലേയ്ക്ക് ഓഹരി തന്നാല്‍ വന്‍ ലാഭം തിരിച്ചു നല്‍കാമെന്നും സഹപ്രവര്‍ത്തകരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതു മുഖവിലയ്ക്കെടുത്ത് പലരും ആദ്യം ചെറിയ തുകകള്‍ ദീപകിന് നല്‍കി. ഇതിന് ബദലായി എല്ലാവര്‍ക്കും ദീപക് സെക്യൂരിറ്റി ചെക്കും കൈമാറിയിരുന്നു. കൂടാതെ, എല്ലാ മാസവും ചെറിയ തുക ലാഭവിഹിതമായും നല്‍കി. ഇതോടെ ദീപക്കിന്റെ നിര്‍ദേശപ്രകാരം കൂടുതല്‍ ലാഭം കിട്ടാന്‍ വേണ്ടി വന്‍ തുകകള്‍ പലരും ബാങ്ക് വായ്പയെടുത്ത് നല്‍കുകയായിരുന്നു. ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷത്തോളം ദിര്‍ഹം വരെയാണ് പലരും കൈമാറിയത്.
ബിസിനസ് നഷ്ടത്തിലാണെന്ന പേരില്‍ 2014 അവസാനത്തോടെ ലാഭവിഹിതം നല്‍കുന്നത് ദീപക് നിര്‍ത്തലാക്കുകയും എല്ലാവരുടെയും മൂലധനം മൂന്ന് മാസത്തിനകം തിരിച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ പരാതിക്കാര്‍ നടത്തിയ അന്വേഷണത്തില്‍, ദീപക്കിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും ദുബായില്‍ മറ്റൊരു ബിസിനസിലും ഇയാള്‍ പങ്കാളിയല്ലെന്നും തങ്ങള്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലായി.

ഇതേ തുടര്‍ന്നാണ് എല്ലാവരും ചേര്‍ന്ന് തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തത്. ഇതിനിടെ കേരളത്തിലെത്തിയ ദീപക് രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ തന്റെ പുതിയ ടെലിവിഷന്‍ ചാനലിന് തുടക്കമിട്ടതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദീപക്കിന്റെ കൊല്ലത്തെ വീട് അടഞ്ഞുകിടക്കുകയാണ്. കൊച്ചിയിലുള്ള സഹോദരിയെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മറുപടി.

Related Articles

Post Your Comments


Back to top button