Cricket

അനില്‍ കുംബ്ലെക്ക് പുതിയ പദവി; മിസ്റ്റര്‍ കൂള്‍ ടീം ഇന്ത്യയുടെ പുതിയ പരിശീലകനാകും

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം ഉടച്ചുവാര്‍ക്കാന്‍ സാധ്യത. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെ സ്ഥാനക്കയറ്റത്തോടെ ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് മാറുകയും രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനാണ് ദ്രാവിഡ്.

ഓസീസിനെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റാകുമെന്നും ഏപ്രില്‍ 14ന് ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്നുമാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ താല്‍ക്കാലിക ഭരണസമിതിയുമായി കുംബ്ലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരക്രമത്തിലേക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡിനെയും മാറ്റാനാണ് പുതിയ ഭരണസമിതിയുടെ ശ്രമം.
ഒരാള്‍ തന്നെ ഇന്ത്യയുടെ എല്ലാ ടീമുകളെയും പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഭരണസമിതി മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കില്‍ കുംബ്ലെ ഡയറക്ടറാകുമ്പോള്‍ ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെയും അണ്ടര്‍-19, എ ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യും.

ഇക്കാര്യം കുംബ്ലെയുമായി സംസാരിച്ച ഭരണസമിതി ഇന്ത്യന്‍ പരിശീലകന് തീരുമാനമെടുക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ പരിശീലകനെന്ന നിലയില്‍ സമയം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഡയറക്ടറാകുമ്പോള്‍ മാറ്റിവെക്കേണ്ടി വരുമെന്നും ഭരണസമിതി കുംബ്ലെയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ കുംബ്ലെയുടെ ജോലിഭാരം കുറയ്ക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ബി.സി.സി.ഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലയേല്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ എം.ശ്രീധറാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശ്രീധര്‍ ഇനി തുടരുമോ എന്ന കാര്യവും സംശയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button