IndiaNews

കര്‍ശന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇനി അടുത്ത കര്‍ശന നടപടി ബിനാമി സ്വത്തിലേയ്ക്കും ഭൂമിയിലേയ്ക്കും

ന്യൂഡല്‍ഹി : കള്ളപ്പണക്കാരെ പൂട്ടിക്കുന്നതിനായി കൊണ്ടുവന്ന നോട്ട് അസാധുവാക്കല്‍ ജനം സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ ഉജ്വല വിജയം. ഇത് സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടുതല്‍ കരുത്തും ധൈര്യവും പകരുന്നു. നോട്ട് അസാധുവാക്കല്‍ രാജ്യവ്യാപകമായ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പു വിജയം വിമര്‍ശനങ്ങളെ അസാധുവാക്കുന്നു.

ഇതോടെ  കടുത്ത സാമ്പത്തിക നടപടികളുമായി നരേന്ദ്ര മോദി ഇനിയും വരുമെന്നുറപ്പായി. നോട്ട് അസാധുവാക്കല്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും പ്രശ്‌നമാകുമോ എന്നു പാര്‍ട്ടി നേതൃത്വത്തിന് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കള്ളപ്പണക്കാരെ പിടികൂടുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞതു ജനം വിശ്വസിച്ചു. രണ്ടരവര്‍ഷമായി നരേന്ദ്ര മോദി സാമ്പത്തികമേഖലയില്‍ പല പരിഷ്‌കാരങ്ങളും നടപ്പാക്കിവരികയാണ്.
മെയ്ഡ് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ എന്നിങ്ങനെ പലരൂപങ്ങളില്‍ അവ നടപ്പാക്കിവരുന്നു. ഇനിയുള്ള ആദ്യ സാമ്പത്തിക അജന്‍ഡ ചരക്കുസേവന നികുതി നടപ്പാക്കുകയാണ്. 16നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ കരടുബില്ലിന് അംഗീകാരം നല്‍കും. ബജറ്റ് സമ്മേളനത്തില്‍ ഇതു പാസാക്കും. അതിനുശേഷം പകുതി സംസ്ഥാന നിയമസഭകള്‍ കൂടി അംഗീകാരം നല്‍കുന്നതോടെ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ദേശീയ വരുമാനം രണ്ടു ശതമാനം വരെ വര്‍ധിക്കാന്‍ ഇതു സഹായിക്കുമെന്നാണു കരുതുന്നത്.

ഇതു കഴിഞ്ഞാല്‍ മോദി സര്‍ക്കാരിന്റെ കര്‍ക്കശനടപടി ബിനാമി സ്വത്തിനെതിരെ ആയിരിക്കും. ഇതിനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു. കള്ളപ്പണത്തിനെതിരായ നീക്കത്തിന്റെ പ്രധാന ഭാഗമാണിതും. മറ്റൊരു സാമ്പത്തിക പരിഷ്‌കാരം ആലോചനയിലുള്ളത് ആദായനികുതി പൂര്‍ണമായും നിര്‍ത്തലാക്കി പകരം ബാങ്കിങ് ട്രാന്‍സാക്ഷനു നികുതി ഏര്‍പ്പെടുത്തുക എന്നതാണ്. മൂന്നുലക്ഷം രൂപയ്ക്കു മേലുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിതന്നെ ആവണം എന്നു ബജറ്റില്‍ വ്യവസ്ഥ കൊണ്ടുവന്നതാണ്.

ബാങ്ക് വഴിയുള്ള എല്ലാ ഇടപാടുകള്‍ക്കും നികുതി വന്നാല്‍ നികുതി വെട്ടിക്കല്‍ ഇല്ലാതാക്കാനാകും. എല്ലാ സബ്‌സിഡികളും ആധാര്‍ വഴി നല്‍കാനുള്ള തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. ഭക്ഷ്യ, വളം സബ്‌സിഡികള്‍ ഇപ്പോള്‍ ആധാര്‍ വഴിയാണ്. ആധാര്‍ വ്യാപകമാകുന്നതോടെ സബ്‌സിഡികളിലൂടെയുള്ള അഴിമതിയും ചോര്‍ച്ചയും പാടേ ഒഴിവാക്കാനാകും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്ന് കള്ളപ്പണം തുടച്ചു നീക്കി രാജ്യത്തെ അഴിമതിരഹിതമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button