KeralaNews

ആറന്മുള വിമാനത്താവളം യാഥ്യാർഥമാക്കാനുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെ അവസാന ശ്രമം; സാധ്യതയെ കുറിച്ച് സർക്കാർ പറയുന്നതിങ്ങനെ

കൊച്ചി: ആറന്മുളയിൽ വിമാനത്താവള പദ്ധതി നടപ്പാക്കാൻ വിദൂര സാധ്യത പോലും ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈ കോടതിയിൽ ബോധിപ്പിച്ചു. ഈ പദ്ധതി 500 ഏക്കർ കരഭൂമിയില്ലാതെ നടപ്പാക്കാനാകില്ല. കെ.ജി.എസ് കമ്പനിയുടെ പക്കലുള്ള 309 ഏക്കറിൽ വയലും തണ്ണീർത്തടവും സർക്കാർ പുറമ്പോക്കുമുണ്ട്. കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഇളവില്ലാത്തതിനാൽ ഭൂഉടമ നോട്ടീസ് നടപടി നേരിടുകയാണെന്നും സർക്കാർ അറിയിച്ചു.

ആറന്മുള വിമാനത്താവള പദ്ധതിയുടെ തത്വത്തിൽ അനുമതിയും വ്യവസായ മേഖല വിജ്ഞാപനവും റദ്ദാക്കിയതും 10% ഓഹരി പങ്കാളിത്തത്തിൽ നിന്ന് സർക്കാർ പിന്മാറിയതും ചോദ്യം ചെയ്ത കെ.ജി.എസ് ആറന്മുള ഇന്റർനാഷണൽ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം. സർക്കാരിന്റെ അനുമതിയോ പ്രാദേശികതല അവലോകന സമിതിയുടെ ശുപാർശയോ വയൽ നികത്താൻ ഇല്ലെന്ന് വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി എൻ. സുകുമാരന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

പദ്ധതിക്ക് അനുമതി നേടിയത് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ്. 500 ഏക്കർ ഭൂമി വേണ്ട പദ്ധതിക്ക് 350 ഏക്കർ വിലയ്ക്ക് വാങ്ങിയെന്നും എന്നാൽ അതിൽ 309 ഏക്കർ മാത്രമേ ഉള്ളു. അതിൽ 200 ഏക്കർ പാടശേഖരവും തണ്ണീർതടവുമാണ്. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഖിച്ചു വൻതോതിലാണ് നികത്തൽ നടത്തുന്നത്. പൊതു തോടും കനാലും നികത്തിയെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് ഇവ പുനർസ്ഥാപിക്കാൻ കളക്ടർ നടപടിയെടുത്തു.

ഇതിനിടെ പദ്ധതിയുടെ പരിസ്ഥിതി അനുമതി ദേശിയ ഹരിത ട്രൈബുണൽ റദ്ദാക്കുകയും സുപ്രീം കോടതി അത് ശരിവയ്ക്കുകയും ചെയ്തു. നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണ് പരിസ്ഥിതി അനുമതി നേടിയതെന്നും കണ്ടെത്തി. കമ്പനിയുടെ നിയമവിരുദ്ധ നടപടികൾ ബോധ്യപ്പെട്ടതിനാൽ വ്യവസായമേഖല വിജ്ഞാപനം പിൻവലിക്കാൻ നടപടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button