NewsIndia

രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ; ശൗചാലയവും ഉച്ചഭക്ഷണവും

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഒരുലക്ഷം മദ്രസകളില്‍ ശൗചാലയം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഉച്ചഭക്ഷണപദ്ധതിയും മദ്രസകളില്‍ നടപ്പാക്കും.അതോടൊപ്പം അധ്യാപനനിലവാരം ഉയര്‍ത്തുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മൗലാന ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

‘ത്രീ ടി ഫോര്‍മുല’ (ടീച്ചര്‍, ടിഫിന്‍, ടോയ്‌ലെറ്റ്) എന്നാണ് മദ്രസകളുടെ നവീകരണത്തിനായി നടപ്പാക്കുന്ന പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്ന മദ്രസകള്‍ക്കും അതിന് തയ്യാറാകുന്ന മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒരുലക്ഷം മദ്രസകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത് ശുചിത്വഭാരത മിഷന്റെ ഭാഗമായാണ്. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. മൗലാന ആസാദ് ഫൗണ്ടേഷനായിരിക്കും നിര്‍മാണച്ചുമതല.

അടുത്ത സാമ്പത്തികവര്‍ഷത്തോടെ ഫൗണ്ടേഷന്റെ ബീഗം ഹസ്രത് മഹല്‍ ദേശീയ സ്‌കോളര്‍ഷിപ്പ് അഞ്ചുലക്ഷം പെണ്‍കുട്ടികള്‍ക്ക് നല്‍കും. നടപ്പുസാമ്പത്തികവര്‍ഷം 45,000 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ഗരീബ് നവാസ് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 100 നൈപുണ്യവികസന സെന്ററുകള്‍ തുറക്കും. ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഫൗണ്ടേഷന്‍ എക്‌സ്-ഒഫീഷ്യോ പ്രസിഡന്റുകൂടിയായ മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button