KeralaLatest NewsNews

അസ്മിയയുടെ മരണം, മദ്രസയിലെ അധ്യാപകരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച് പെണ്‍കുട്ടിയുടെ ഉമ്മ

ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടില്‍ വന്ന വിദ്യാര്‍ത്ഥിനി, ഇനി സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി സ്വദേശിനിയായ അസ്മിയ (17) മോള്‍ ബാലരാമപുരം മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി മാതാവ് റഹ്മത്ത് ബീവി. സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും ആത്മഹത്യ ചെയ്ത വിവരം പോലും മറച്ചുവച്ചെന്നും റഹ്മത്ത് ബീവി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Read Also: വന്ദേ ഭാരത് എക്സ്പ്രസ്: പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ

‘ഉമ്മാ എപ്പോഴും ഒരു ടീച്ചര്‍ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു, ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോള്‍, നീ എന്തിനാ നിന്റെ ഉമ്മായുടെയടുത്ത് പറയാന്‍ പോയത്, ഉമ്മയാണോ പരിഗണിക്കണതെന്നൊക്കെ ചോദിച്ചു’, റഹ്മത്ത് ബീവി പറഞ്ഞു.

‘വെള്ളിയാഴ്ച അവള്‍ എന്നെ വിളിച്ചില്ല. ഞാന്‍ ഉസ്താദിനെ വിളിച്ചപ്പോള്‍ അവള്‍ നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവള്‍ വിളിച്ചിട്ട് ഭയങ്കര കരച്ചില്‍. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഒറ്റയ്ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ എല്ലാവരെയും വിളിച്ച് വിവരം പറഞ്ഞു, അവിടെ പോയി. മോളെ കാണുന്നില്ല. നിസ്‌കാര ഹാളില്‍ ചെന്നാല്‍ അവള്‍ക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങള്‍ തളര്‍ന്നുവീഴരുതെന്നും, അവള്‍ക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കില്‍ വിളിച്ചിട്ട് വാ എന്നും അവന്‍ എന്റെയടുത്ത് പറഞ്ഞു’.

‘ഞങ്ങള്‍ക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തന്‍ വണ്ടിയില്‍ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങള്‍ പോയി. ഞാന്‍ വിചാരിച്ചത് അവള്‍ ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്. എന്റെ പൊന്നുമോള്‍ ആത്മഹത്യ ചെയ്യാന്‍ എന്താ കാരണം? അവള്‍ അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമില്‍ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ,’- റഹ്മത്ത് ബീവി പറഞ്ഞു.

എസ് എസ് എല്‍ സി പഠനം കഴിഞ്ഞ അസ്മിയയെ കഴിഞ്ഞ വര്‍ഷമാണ് പ്‌ളസ്വണ്‍ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തില്‍ ചേര്‍ക്കുന്നത്. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടില്‍ വന്ന വിദ്യാര്‍ത്ഥിനി, ഇനി സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button