NewsInternational

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനെ കുത്തിയ പ്രതി പിടിയിലായെന്നു സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ പോലീസിന്റെ പിടിയിലായ പ്രതിക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. പ്രതി ഇറ്റലിക്കാരനാണെന്നാണ് ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കുന്ന സൂചന. വൈദികനു നേര്‍ക്കുണ്ടായ അക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തൂരിനു(48) നേരേയാണ് ഇന്നലെ ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം ഉണ്ടായത്. മെല്‍ബണിലെ ഫാക്‌നര്‍ നോര്‍ത്തിലാണു സംഭവം. അവിടെയുള്ള സെന്റ് മാത്യു പള്ളിയില്‍ വികാരിയാണ് ഫാ. ടോമി കളത്തൂര്‍. കുര്‍ബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു സമയമായതിനാല്‍ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തു വൈദികന്റെ കഴുത്തില്‍ കുത്തി. കുര്‍ബാനയ്കുള്ള ഉടുപ്പും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കാതിരുന്നത്. സംഭവശേഷം അക്രമി രക്ഷപ്പെട്ടു. വൈദികനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച ഈ അക്രമി ദേവാലയത്തില്‍വന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കില്‍ ഹിന്ദുവോ മുസ്ലീമോ ആയിരിക്കുമെന്നും അതിനാല്‍ താങ്കള്‍ക്ക് കുര്‍ബായര്‍പ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞിരുന്നു. അന്ന് കുര്‍ബാനയില്‍ പങ്കെടുക്കാതെ പോയ ഇയാള്‍ ഇന്നലെ വീണ്ടും പള്ളിയില്‍ വന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button