NewsInternational

അമേരിക്കക്കാര്‍ വിസ നിയന്ത്രിക്കട്ടെ; ഇന്ത്യക്കാര്‍ക്ക് സ്വാഗതമോതി ചൈനയ്‌ക്കൊപ്പം മറ്റൊരു പ്രമുഖരാജ്യവും

ന്യൂഡല്‍ഹി: അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഐടി വിദഗ്ധരുടെ വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് രംഗത്തെത്തിയ ചൈനയ്ക്കു പിന്നാലെ മറ്റൊരു രാജ്യവും ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കായി രംഗത്ത്.

ഡല്‍ഹി സന്ദര്‍ശന വേളയില്‍ റഷ്യന്‍ വ്യവസായ മന്ത്രി ഡെന്നീസ് മാട്രോവാണ് ഇന്ത്യന്‍ ഐടി വിദഗ്ധരെ റഷ്യക്ക് ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയത്. അമേരിക്ക, ഇന്ത്യന്‍ വിദഗ്ധര്‍ക്ക് വിസ നല്‍കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ ഐടിക്കാരെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെതന്നെ മറ്റൊരു പ്രമഖരാജ്യവും ഇന്ത്യന്‍ ഐടിക്കാരെ ക്ഷണിച്ചിരിക്കുന്നത്.

റഷ്യയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായ താമസസൗകര്യങ്ങളും എല്ലാവിധത്തിലുള്ള പരിഗണനയും ഉറപ്പുവരുത്തുമെന്ന് ഡെന്നീസ് മാട്രോവ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ജൂണ്‍ മാസത്തില്‍ റഷ്യയില്‍ നടക്കുന്ന സാമ്പത്തിക ഫോറത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റഷ്യന്‍ വ്യവസായി മന്ത്രി അറിയിച്ചു. മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിനും ചേര്‍ന്നാണ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം വ്യവസായികള്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറം, ഇന്ത്യയുടെയും റഷ്യയുടെയും വ്യവസായ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഡെന്നീസ് മാട്രോവ് പറഞ്ഞു.

shortlink

Post Your Comments


Back to top button