KeralaNews

കുണ്ടറ പീഡനകേസ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു പെണ്‍കുട്ടി

കൊല്ലം: കുണ്ടറ പീഡനകേസ് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തി. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് രംഗത്തെത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷമായി പ്രതി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകുംവിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിക്കുമെന്നും വാഗ്ദാനം നല്‍കി. 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍വച്ച് ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് ആരോപണം.

പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഭാര്യയും കേസില്‍ പ്രതിയാവും. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്. നേരത്തെ പത്തുവയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.

അതിനിടെ, കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇയാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഒരു പെണ്‍കുട്ടി കൂടി പ്രതിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button