KeralaNews

സിസ്റ്റർ അഭയയുടെ ദുരൂഹ മരണത്തിന് ഇന്ന് കാൽ നൂറ്റാണ്ട്- കേസിന്റെ നാൾ വഴികളിലൂടെ

 

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് കാല്‍നൂറ്റാണ്ടാകുന്നു.രാജ്യത്തിന്‍െറ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വത സൃഷ്ടിച്ച് കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും കേസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്.1992 മാര്‍ച്ച് 27നാണ് കോട്ടയം സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയെ അവിടുത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷിച്ച ശേഷം അഭയ ആത്മഹത്യ ചെയ്തതാണെന്ന് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു.

പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതിതേടി 1996 ഡിസംബര്‍ ആറിനും 1999 ജൂലൈ 12നും 2005 ആഗസ്റ്റ് എട്ടിനും സി.ബി.ഐ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, മൂന്നു തവണയും അന്തിമ റിപ്പോര്‍ട്ട് തള്ളിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, തുടരന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊലചെയ്യപ്പെട്ടതാണ്, കൊലപാതകിയെ അറിയുകയും ചെയ്യാം പക്ഷേ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന നാണംകെട്ട നിലപാടില്‍ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സി ബി ഐ മരണത്തേക്കാള്‍ ദുരൂഹമായ അന്വേഷണ പ്രഹസനങ്ങളിലൂടെയാണ് ഇവർ കടന്നു പോയതെന്ന് ചിന്തിക്കേണ്ടി വരും.

കോട്ടയം ജില്ലയിലെ അരീക്കര സ്വദേശി ശ്രീ. തോമസ് എ. മത്തായിയുടേയും ലീലാമ്മയുടേയും ഏക പുത്രിയായ അഭയ, മരിയ്ക്കുമ്പോള്‍ കോട്ടയം ബി.സി.എം. കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തത് ആണെന്നായിരുന്നു. മാനസിക വൈകല്യം ഉണ്ടായിരുന്ന സിസ്റ്റര്‍ അഭയ അപകര്‍ഷതാ ബോധം പിടികൂടപ്പെട്ട ഒരു നിമിഷം മരണം സ്വയം വരിയ്ക്കുകയായിരുന്നു എന്നതായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടര്‍ ശ്രീ. പി.വി.അഗസ്റ്റിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍.പതിനേഴു ദിവസത്തെ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച് അഭയയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ ചുമതല കരുണാകരന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ ലോക്കല്‍ പോലീസിന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

സി.ബി.ഐ കേസന്വേഷണത്തിന് നേതൃത്വം നല്‍കാനായി സി.ബി.ഐയുടെ ഡെപ്പ്യൂട്ടി സൂപ്രണ്ടായിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി.തോമസിനെയായിരുന്നു നിയോഗിച്ചത്. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്ക്കും കേസിന്റെ പ്രധാനപ്പെട്ട തെളിവുകള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ശവപരിശോധനാ റിപ്പോര്‍ട്ട് കോട്ടയം ആര്‍.ഡി.ഓ ഓഫീസില്‍ നിന്നും പിന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നഷ്ടപ്പെ.ട്ട അവസ്ഥയിലാണ് കേസ് സി.ബി.ഐയുടെ കൈകളില്‍ എത്തുന്നത്.എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് ഏഴ് വര്‍ഷത്തെ സേവനം ബാക്കി നില്‍ക്കേ തന്റെ ജോലി രാജി വെച്ചു.ശേഷം വര്‍ഗ്ഗീസ് പി. തോമസ് കൊച്ചിയില്‍ പത്ര സമ്മേളനം വിളിച്ചു.

സി.ബി.ഐ. കൊച്ചി മേഖലാ സൂപ്രണ്ട് വി.ത്യാഗരാജന്‍ കേസിന്റെ ഗതി തിരിയ്ക്കാന്‍ നിര്‍ബന്ധിച്ചതിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഏഴ് വര്‍ഷം സേവനം ബാക്കി നില്‍ക്കേ താന്‍ സേവനം മതിയാക്കുന്നത് ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു.തുടർന്ന് ത്യാഗരാജൻ ചെന്നൈയിലേക്ക് മടങ്ങി.മുഖ്യമന്ത്രി ശ്രീ. കെ.കരുണാകരന്‍ ചാരക്കേസില്‍ കുടുങ്ങി രാജി വെച്ചു.പിന്നീട് ശ്രീ. ഏ.കെ.ആന്റണി കേരളാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.ഏ.കെ.ആന്റണിയുടെ സമ്മര്‍ദ്ദ ഫലമായാണ് സി.ബി.ഐ കേസന്വേഷണത്തില്‍ കൂടുതല്‍ കാര്യക്ഷമമായത് .എന്നാൽ സി ബി ഐ അന്വേഷണവും എങ്ങുമെത്തിയില്ല.ആക്ഷന്‍ കൌണ്‍സില്‍ സി.ബി.ഐയ്ക്കെതിരേ കേരളാ ഹൈക്കോടതില്‍ റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്തു.മൂന്ന് മാസം കൊണ്ട് അഭയ കൊലക്കേസിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയിലേയ്ക്ക് തെളിവുകളുടെ അഭാവത്തില്‍ അഭയക്കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല, കേസ് മരവിപ്പിയ്ക്കാന്‍ ദയവുണ്ടാകണം എന്ന അപേക്ഷ നൽകി സി ബി ഐ എല്ലാവരെയും അമ്പരപ്പിച്ചു.

ഈ നീക്കത്തിനെതിരേ സിസ്റ്റര്‍ അഭയയുടെ പിതാവ് ശ്രീ. തോമസ് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.കൊലപാതകമാണെങ്കില്‍ പ്രതികളെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.സി.ബി.ഐയുടെ നിലപാടുകള്‍ പാടേ തള്ളികൊണ്ട് സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിയ്ക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതാണ് പക്ഷേ തെളിവുകളുടെ അഭാവം മൂലം കൊലപാതകി ആരാണെന്നറിയാന്‍ കഴിയുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.കൊലപ്പെട്ട സിസ്റ്റർ അഭയയുടെ രാസപരിശോധനാ ഫലങ്ങളടങ്ങി​യ വർ​ക്ക് ബുക്ക് രജിസ്റ്റർ തിരുത്തി. ആ കേസിലെ പ്രതികളെയും വെറുതെ വിടുകയുണ്ടായി.ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു.

അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്‌. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ ഫാ. കോട്ടൂരാണെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു.സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിൽ രണ്ടാം പ്രതിയാണ്‌. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു.സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ്‌ സിസ്റ്റർ സെഫി സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക്‌ കണ്ടെത്താൻ കഴിഞ്ഞത്.

പിന്നീട് കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി.പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി മൈക്കിൾ നൽകിയ ഹർജിയിയിൽ വാദം കേൾക്കവെ കേസ് തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന്റെ അന്തിമ വിധിയെത്തുന്നതിന് മുമ്പ് കന്യാസ്ത്രീയുടെ പിതാവ് കോട്ടയം അരീക്കര ഐക്കരക്കുന്നേല്‍ തോമസ് മാത്യു(72) മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button