Uncategorized

വനിതകള്‍ക്ക് സഹായമേകാന്‍ ഇനി ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181 ‘

തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181 ‘ ഇന്ന് നിലവില്‍ വന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

വനിതാവികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഓരോ പരാതിയിലും എന്ത് നടപടി സ്വീകരിച്ചുവെന്ന് നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വൈകാതെ മിത്ര 181ന്റെ ഭാഗമായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആരംഭിക്കും. നടപടികളുടെ ഏകോപന ചുമതല അവരെ ഏല്‍പിക്കുമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കേന്ദ്രവിഹിതമായ 35 ലക്ഷം അടക്കം 70 ലക്ഷമാണ് പദ്ധതിക്കായി ചെലവിടുന്നത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് രണ്ടുവര്‍ഷം നീളുന്ന ബോധവത്കരണ ക്യാംപെയ്നുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ സംസ്ഥാനത്ത് എവിടെ നിന്നും മിത്ര 181 ലേക്ക് വിളിക്കാം. പരിശീലനം നേടിയവരുടെ സേവനം 24 മണിക്കൂറും ലഭിക്കും. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം അതാത് ജില്ലകളിലെ പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറും. പരാതിക്കാരുമായി അവര്‍ ഉടന്‍ ബന്ധപ്പെടും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button