NattuvarthaLatest News

വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ട സമരവുമായി യുവാവ്

മലപ്പുറം: വ്യത്യസ്ത സമരമുഖം തുറന്നു യുവാവിന്റെ ഒറ്റയാള്‍ സമരമുഖങ്ങള്‍. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തീര്‍ത്തും അവഗണിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ തുറന്നുകാട്ടി ഒരു ടാപ്പിംഗ് തൊഴിലാളി കൂടിയായ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്റെ സമര പ്രഖ്യാപനം തീര്‍ത്തും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാവുന്നു.

സംസ്ഥാന സര്‍ക്കാര്‍ അവഗണനയില്‍ മനം നൊന്തു കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി, ടാപ്പിംഗ് തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ അനുവദിക്കുക, സൗജന്യ റേഷന്‍, സൗജന്യ ചികിത്സ, തൊഴിലാളികളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഏപ്രില്‍ അവസാന വാരത്തോടെ പാര്‍ലമെന്റിനു മുന്നില്‍ ഏകാംഗ ധര്‍ണ്ണ നടത്താനൊരുങ്ങുന്ന യുവാവിന് ഒരു നാടിന്റെ പൂര്‍ണ്ണ പിന്തുണയെന്നു നാട്ടുകാര്‍. മുഹമ്മദ് റിയാസ് മുന്‍പും ഒട്ടനവധി ഒറ്റയാള്‍പോരാട്ടം നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

വാഹനാപകടങ്ങള്‍ പെരുകുന്നതിനെതിരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ 17 ദിവസം കൊണ്ട് സൈക്കിളില്‍ സഞ്ചരിച്ചു ബോധവത്കരണം , വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു ജില്ല മുഴുവന്‍ നടന്നു സംസാരിച്ചു ഒടുവില്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി, റോഡുകള്‍ക്ക് ഇരുവശത്തും അപകടം വരുത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു ജില്ല തോറും സൈക്കിളില്‍ സഞ്ചരിച്ചു വെട്ടിമാറ്റേണ്ട മരങ്ങളുടെ വിശദ വിവരങ്ങള്‍ ജില്ലാ അധികാരികള്‍ക്ക് സമര്‍പ്പിച്ചു, അടച്ചിട്ടിരിക്കുന്ന മലപ്പുറം പയ്യനാട് സ്റ്റേഡിയും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു, കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപ വകയിരുത്തിയ കരുവാരകുണ്ട് കപ്പലാംതോട്ടം നീര്‍ത്തട പദ്ധതിയില്‍ നടന്ന വന്‍ അഴിമതി തുറന്നുകാട്ടി ട്രെയിന്‍ തടയല്‍ പ്രതിഷേധവും, തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തിയും തന്റെ ഒറ്റയാള്‍ പോരാട്ടങ്ങളിലെ ചില ഏടുകള്‍ മാത്രമെന്ന് ശ്രീ മുഹമ്മദ് റിയാസ് ഈസ്റ്റ് കോസ്റ്റ് ഡൈലിയോട് പറഞ്ഞു.

തുച്ഛമായ വരുമാനംകൊണ്ടു രണ്ടു കുട്ടികളും, ഭാര്യയും അടങ്ങുന്ന കുടുംബജീവിതം നയിക്കുന്ന മുഹമ്മദ് റിയാസ് സമൂഹ നന്മയ്ക്കായി നടത്തുന്ന ഇത്തരം ഒറ്റയാള്‍ പോരാട്ടം വേണ്ടത്ര ശ്രദ്ധകിട്ടാത്തതില്‍ വിഷമമുണ്ടെന്നും, കൂടുതല്‍ ആളുകള്‍ ഇത്തരം പ്രതിഷേധപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു. മലപ്പുറം ജില്ലയില്‍ കരുവാരകുണ്ട് തരിശ് സ്വദേശിയാണ് ഇദ്ദേഹം.

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button