India

ഐഎസ്‌ഐ ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി : ഐഎസ്‌ഐ ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങള്‍. ഇന്ത്യക്കാരനായ മുന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്ഥാന്‍ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പാക് മാദ്ധ്യമങ്ങള്‍ രംഗത്ത് എത്തിയത്. മുന്‍ ലെഫ്റ്റനന്റ് കേണല്‍ മൊഹമ്മദ് ഹബീബ് സഹീറിനെയാണ് നേപ്പാളില്‍ നിന്ന് ഇന്ത്യ തട്ടിക്കൊണ്ട് പോയതായി പാക് മാദ്ധ്യമങ്ങള്‍ ആരോപിക്കുന്നത്.

ഏപ്രില്‍ ആറു വരെ ഹബീബ് കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും അതിനു ശേഷം യാതൊരു വിവരവുമില്ലെന്നും പരാതിയില്‍ പറയുന്നു. ഹബീബിനെ വിളിച്ച ഫോണ്‍ നമ്പരുകളെല്ലാം ഇപ്പോള്‍ നിലവിലില്ലാത്താതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്ട്രാറ്റജിക് സൊല്യൂഷന്‍ എന്ന കമ്പനിയുടെ വെബ്‌സൈറ്റും ഇപ്പോള്‍ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പാകിസ്ഥാന്‍ നേപ്പാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹബീബ് സഹീറിന്റെ മകന്‍ സാദ് സഹീര്‍ റാവല്‍ പിണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . നേപ്പാളില്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് ഹബീബ് സഹീര്‍ വീട്ടില്‍ നിന്ന് പോയതെന്ന് മകന്‍ പറയുന്നു. സ്ട്രാറ്റജിക് സൊല്യൂഷന്‍ എന്ന കമ്പനിയില്‍ സോണല്‍ ഡയറക്ടറായി ജോലി വാഗ്ദാനം നല്‍കിയാണ് ഹബീബിനെ നേപ്പാളിലേക്ക് വിളിച്ചു വരുത്തിയതെന്നും പരാതിയില്‍ പറയുന്നു. കുല്‍ഭൂഷണ്‍ യാദവിന് പകരമായി ഐ എസ് ഐ ഉദ്യോഗസ്ഥനെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ കടത്തിയതാണെന്നാണ് പാക് മാദ്ധ്യമങ്ങളുടെ ആരോപണം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button