Kerala

ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല – എ.ജയശങ്കര്‍

ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് അഡ്വ.ജയശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് എ.ജയശങ്കര്‍ ശ്രീരാം വെങ്കിട്ടരാമനെക്കുറിച്ച് രംഗത്ത് വന്നിരിക്കുന്നത്.


ചെന്നായ്ക്കളുടെ ഇടയില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ എന്ന് നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ ക്രിസ്തുയേശു ശിഷ്യന്മാരെ ഉപദേശിച്ചതായി വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനാറാം വാക്യം കൊണ്ട് കാണുന്നു.

ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ വെറും ഒറ്റചങ്കുമാത്രമുള്ള ചെറുപ്പക്കാരനാണ്. തൈരുസാദവും സാമ്പാര്‍ സാദവും കഴിച്ചുവളര്‍ന്ന പരദേശ ബ്രാഹ്മണ കുമാരന്‍. കോളേജ് അദ്ധ്യാപകന്റെയും ബാങ്ക് ഉദ്യോഗസ്ഥയുടെയും മകന്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് സര്‍ക്കാര്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പാസായി. പിന്നീട് രണ്ടാം റാങ്കോടെ സിവില്‍ സര്‍വ്വീസും പാസായി.

കയ്യേറ്റക്കാരുടെ പറുദീസയാണ് ദേവികുളം അവിടെ മണിയുടെ പാര്‍ട്ടിയും മാണിയുടെ പാര്‍ട്ടിയും വ്യത്യാസമില്ല. ജാതി-മത പാര്‍ട്ടി പിന്തുണയോടെ സകലരും മത്സരിച്ചു ഭൂമി കയ്യേറുകയാണ്. അവിടേക്കാണ് ബുള്ളറ്റോടിച്ചു പുതിയ സബ് കളക്ടര്‍ എത്തുന്നത്. പിന്നെ ഭീഷണിയായി, കൊലവിളിയായി, കയ്യാങ്കളിയായി.
റവന്യു മന്ത്രിയുടെ അഭിനന്ദവാക്കുകള്‍കൊണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മാതൃഭൂമി പത്രത്തിന്റെയും പിന്തുണകൊണ്ടും ഒരു യുവ ഐ.എ.എസുകാരന് ദേവികുളത്തു എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും? രാജു നാരായണസ്വാമിയുടെയും സുരേഷ്‌കുമാറിന്റെയും തലവിധി നമ്മുടെ മുന്നിലുണ്ട്. ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനേഴാം വാക്യത്തില്‍ ഇങ്ങനെയും പറഞ്ഞുകാണുന്നു. മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപ സഭകളില്‍ ഏല്‍പ്പിക്കയും തങ്ങളുടെ പള്ളികളില്‍ വച്ച് ചമ്മട്ടി കൊണ്ട് അടിക്കയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുന്നില്‍ കൊണ്ടുപോകയും ചെയ്യും.”- അഡ്വ.ജയശങ്കര്‍ എഴുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button