Latest NewsNewsInternational

അമേരിക്ക ഉത്തരകൊറിയ വാഗ്വാദങ്ങൾ തുടരുന്നു : സമാധാന നീക്കങ്ങളുമായി ചൈന രംഗത്ത്

ബെയ്ജിങ്: മൂന്നാം ലോക മഹായുദ്ധമെന്ന ആശങ്ക ഉളവാക്കുന്ന അമേരിക്ക ഉത്തരകൊറിയ വാഗ്വാദങ്ങൾ തുടരുന്നതിനിടെ സമാധാന നീക്കങ്ങളുമായി ചൈന രംഗത്ത്. ലോകത്തെ ആശങ്കയിലാഴ്‌ത്തി ഉത്തര കൊറിയയ്‌ക്കെതിരായ പോർവിളി തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ സമാധാനദൂതുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തി.
 
അതിനിടെ അടുത്ത ആണവ പരീക്ഷണം നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച് വെല്ലുവിളി കടുപ്പിച്ചിരിക്കുകയാണ് ഉത്തരകൊറിയ. ഇരു രാജ്യങ്ങളോടും സംയമന പാലിക്കാനാണ് ചൈനീസ് പ്രസിഡൻഡ് ഷി ജിൻങ്ങ്‌പെങ്ങിന്റെ ആഹ്വാനം. ഉത്തര കൊറിയയെ ലക്ഷ്യമിട്ടു നീങ്ങുന്ന യുഎസ് നാവിക വ്യൂഹത്തിനൊപ്പം ചേർന്ന് ജപ്പാൻ നാവികസേന സംയുക്ത സൈനികാഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് സമാധാന ദൂതുമായുള്ള ചൈനീസ് പ്രസിഡന്റിന്റെ രംഗപ്രവേശം ഉണ്ടായിരിക്കുന്നത്.
 
വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയാറാകാത്ത സാഹചര്യത്തിലാണ് ജിൻപിങ്ങിന്റെ ഇടപെടൽ. യുഎൻ രക്ഷാസമിതിയുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ഏതു സൈനിക നടപടിയേയും ചൈന എതിർക്കുമെന്ന് അദ്ദേഹം ട്രംപിനെ അറിയിച്ചതായാണ് വിവരം. ഉത്തരകൊറിയ ഉയർത്തുന്ന ആണവായുധ വെല്ലുവിളി പരിഹരിക്കാൻ ചൈന മുൻകൈ എടുത്തില്ലെങ്കിൽ അതിനായി അമേരിക്ക നേരിട്ടിറങ്ങുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
‘ഉത്തരകൊറിയ ഉയർത്തുന്ന പ്രശ്‌നം നേരിടാൻ ചൈന തയ്യാറാകുന്നില്ലെങ്കിൽ തങ്ങൾ അതിന് തയ്യാറാകും”, ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. പടിഞ്ഞാറൻ പസഫിക്കിലുള്ള കാൾ വിൻസൺ ഇപ്പോൾ ജപ്പാൻ നാവിക സേനയ്‌ക്കൊപ്പം സൈനിക അഭ്യാസത്തിലാണ്. ഇവിടത്തെ പരിശീലനവും ഒരുക്കങ്ങളും പൂർത്തിയായാൽ അമേരിക്കൻ കപ്പൽ ഉത്തരകൊറിയൻ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന.
 
കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസിനെ തണുപ്പിക്കാനുള്ള ചൈനയുടെ ശ്രമം. ഉത്തര കൊറിയയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാജ്യമായ ചൈന, ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള തത്രപ്പാടിലാണ്. എന്നാൽ ഇതിനിടെ വീണ്ടും ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചത് സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button