Latest NewsNewsIndia

കഠിനാദ്ധ്വാനികളായ ജോലിക്കാർക്ക് സമ്മാനമായി 500 ബാഹുബലി 2 ന്റെ ടിക്കറ്റ് നൽകി ജില്ലാകളക്ടര്‍

തെലുങ്കാന: തെലുങ്കാനയിലെ ഒരു ജില്ലാകളക്ടര്‍ സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കാന്‍ കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം നല്‍കിയത് ‘ബാഹുബലി 2: ദി കണ്‍ക്‌ളൂഷ’ന്റെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ്. ജില്ല സൗന്ദര്യവല്‍ക്കരണ ജോലിയില്‍ തനിക്കൊപ്പം നിന്നു കഷ്ടപ്പെട്ടവര്‍ക്ക് വാറങ്കല്‍ ജില്ലാ കളക്ടര്‍ അമ്രാപാലി കാട്ടയാണ് ബാഹുബലി സിനിമാടിക്കറ്റ് നല്‍കിയത്. ഇതിനായി 500 ടിക്കറ്റാണ് കളക്ടര്‍ വിതരണം ചെയ്തത്.

ഹനംകോണ്ട ഏഷ്യന്‍ ശ്രീദേവി മാളിലെ മുഴുവന്‍ ഷോയുടെയും ടിക്കറ്റുകള്‍ നേരത്തേ കളക്ടര്‍ വാങ്ങിയത് വലിയ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കട്ടപ്പ ബാഹുബലിയെ എന്തിനാണ് കൊന്നതെന്ന് അറിയാന്‍ വാറങ്കലിനും താല്‍പ്പര്യമുണ്ടെന്ന് മാത്രമാണ് ഇക്കാര്യത്തില്‍ കളക്ടറുടെ പ്രതികരണം. പിന്നീടാണ് ടിക്കറ്റ് തന്റെ ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനാണ് വാങ്ങിയതെന്ന് മനസ്സിലായത്. നഗര സൗന്ദര്യവല്‍ക്കരണ ജോലിയില്‍ തന്നെ സഹായിച്ച ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കരാര്‍ ജോലിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും ടിക്കറ്റ് കിട്ടി.

ഇന്ത്യയില്‍ ഏറ്റവും വലിയ മുതല്‍മുടക്കുമായി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടു ഭാഗമായി വന്ന സിനിമയില്‍ പ്രഭാസ്, റാണ ദുഗ്ഗബതി, സത്യരാജ്, അനുഷ്‌ക്കാഷെട്ടി, തമന്ന, രമ്യാകൃഷ്ണന്‍, നാസര്‍ എന്നീ താരങ്ങളാണ് പ്രധാന വേഷത്തില്‍. ലോകത്തുടനീളമായി 9000 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ 6,500 തീയറ്ററുകളിലും അമേരിക്കയില്‍ 1,100 തീയറ്ററുകളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ 1,400 തീയറ്ററുകളിലുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button