Latest NewsNewsGulf

മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽനിന്ന് രക്ഷിച്ചു

ദുബായ്•സ്റ്റേജ് ഷോയ്ക്കെന്ന പേരില്‍ ദുബായില്‍ എത്തിച്ച കാസര്‍ഗോഡ്‌ സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്ന്‍ രക്ഷപ്പെടുത്തിയത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. ചെന്നൈ സ്വദേശിയായ രവി എന്ന ഇടനിലക്കാരന്‍ ആണ് യുവതിയെ കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതിയെ സംഘം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തന്നെ പലര്‍ക്കും കാഴ്ച വയ്ക്കാനാണ് ഇവിടെ എത്തിച്ചതെന്ന സത്യം യുവതി അപ്പോഴാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍ഗോഡ്‌ എസ്.പിയ്ക്ക് പരാതി നല്‍കി.

ഭര്‍ത്താവ് മാധ്യമ പ്രവർത്തകനും അബുദാബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ നമ്പര്‍ പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹത്തിന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചു. സന്ദേശത്തില്‍ നിന്നും ലൊക്കേഷന്‍ വിവരങ്ങളും മറ്റും മനസിലാക്കിയ ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

പോലീസെത്തി മുറി തുറപ്പിക്കുമ്പോള്‍ നര്‍ത്തകിയെ കൂടാതെ 15 ഓളം തമിഴ് പെണ്‍കുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടനിലക്കാരനെ വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്സ് ഐ.ഡി പിടിച്ചെടുത്ത പോലീസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. നർത്തകിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതിനാൽ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പെണ്‍കുട്ടി നാട്ടിലേക്ക് പോയതായാണ് വിവരം.

പെൺവാണിഭ സംഘത്തിൽനിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാൻ ബിജു കാണിച്ച താൽപര്യത്തെ ദുബായ് പൊലീസ് അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button