Latest NewsNewsGulf

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എത്തിഹാദ് എയര്‍വേയ്‌സ്

ദുബായി: എത്തിഹാദ് എര്‍ലൈന്‍സ് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങി. കേരളത്തിലേക്കുള്ള സര്‍വീസിന്റെ പത്താംവാര്‍ഷികം പ്രമാണിച്ചാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് -അബുദാബി റൂട്ടില്‍ ദിവസേന നേരിട്ടുള്ള ഒരു സര്‍വീസ് കൂടി ആരംഭിച്ചതോടെ എത്തിഹാദിന്റെ കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 63 എണ്ണമായി. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളിലും കൂടിയുള്ള എത്തിഹാദ് സര്‍വീസുകളില്‍ 30 ശതമാനവും ഈ കേരളാ റൂട്ടിലാണ്.

2007 മെയ് 31 നാണ് കേരളാ സര്‍വീസ് എത്തിഹാദ് ആരംഭിച്ചത്. തിരുവനന്തപുരത്തേക്കായിരുന്നു ആദ്യസര്‍വീസ്. തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം കൊച്ചി സര്‍വീസും തുടങ്ങി. പിറ്റേവര്‍ഷം ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് സര്‍വീസ് കമ്പനി ആരംഭിച്ചു. ഇതിനകം 3.5 ദശലക്ഷം മലയാളികളാണ് എത്തിഹാദ് എയര്‍ലൈന്‍സിന്റെ സേവനം ഉപയോഗിച്ചിരിക്കുന്നത്.

ഇപ്പോള്‍ ദിവസേന നാലു സര്‍വീസുകള്‍ കോഴിക്കോട്ടേക്കും മൂന്നു സര്‍വീസുകള്‍ കൊച്ചിയിലേക്കും രണ്ടു സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കുമുണ്ട്. എയര്‍ബസ് 320, എ 321 വിമാനങ്ങളാണ് കേരളാ സര്‍വീസിന് കമ്പനി ഉപയോഗിക്കുന്നത്. ഒരു സര്‍വീസില്‍ 16 ബിസിനസ് ക്ലാസുകളും 158 ഇക്കോണമി ക്ലാസുകളുമാണുള്ളത്.

ഇതുകൂടാതെ എത്തിഹാദിന്റെ ഇന്ത്യയിലെ പങ്കാളിയായ ജെറ്റ് എയര്‍വെയ്‌സ് ആഴ്ചയില്‍ ഏഴുസര്‍വീസുകള്‍ കൊച്ചി – അബുദാബി റൂട്ടില്‍ നടത്തുന്നുണ്ട്. കേരളാ നഗരങ്ങള്‍ കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കോല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി റൂട്ടിലാണ് എത്തിഹാദ് വിമാനങ്ങള്‍ പറക്കുന്നത്.

കേരളാ സര്‍വീസിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എത്തിഹാദിന്റെ കേരളാ സര്‍വീസിനെക്കുറിച്ച് എത്തിഹാദ് എയര്‍വേയ്‌സിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ടം വിഭാഗം വൈസ് പ്രസിഡന്റ് നീര്‍ജ ഭാട്ട്യ വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരളാ ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വാസുദേവനും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button