Latest NewsNewsIndiaInternational

ശ്രീശാന്തിന്റെ വിലക്ക്:രാജ്യാന്തര സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഉന്നയിക്കുമെന്ന് സ്‌കോട്ടിഷ് ക്ലബ്

 

എഡിന്‍ബര്‍ഗ്: സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ അനുമതി നല്‍കിയില്ലെങ്കില്‍ പ്രശ്‌നം സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌പോര്‍ട്ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഉന്നയിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് ക്ലബ് ഗ്ലെന്റോര്‍ത്ത്‌സ് ഒരുങ്ങുന്നു.ഗ്ലെന്റോര്‍ത്ത്‌സ് ക്രിക്കറ്റ് ക്ലബിന്റെ പ്രസിഡന്റ് എഡി ഗിബ്‌സാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം ഡെയ്‌ലിമെയില്‍ പ്രസിദ്ധീകരിച്ച ശ്രീശാന്തിന്റെ അഭിമുഖത്തിലും ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.

രാജ്യാന്തര സ്‌പോര്‍ട്‌സ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതായി 1984-ല്‍ രൂപീകരിച്ചതാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ്. സ്‌കോട്ട്‌ലന്‍ഡിലെ ഈസ്‌റ്റേണ്‍ പ്രീമിയര്‍ ലീഗിലാണ് ക്ലബ് ഇപ്പോള്‍ കളിക്കുന്നത്. ബിസിസിഐ അനുമതി നല്‍കിയാല്‍ മാത്രമേ ക്രിക്കറ്റ് സ്‌കോട്ട്‌ലന്‍ഡിന് ശ്രീശാന്തിന്റെ ഗ്ലെന്റോര്‍ത്ത്‌സിന്റെ കളിക്കാരനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. ലണ്ടനിലെ ഒരു പരിപാടിയില്‍ വച്ചാണ് എഡി ഗിബ്‌സ് ആദ്യമായി ശ്രീശാന്തിനെ കാണുന്നത്. ശ്രീശാന്തിന് സ്‌കോട്ട്‌ലന്‍ഡില്‍ കളിക്കാന്‍ അനുമതി നല്‍കാത്തത് അനീതിയാണെന്ന് എഡി പറഞ്ഞു.

ശ്രീശാന്ത് നിരപരാധിയാണെന്ന് കോടതിയിൽ തെളിഞ്ഞിട്ടും എന്തുകൊണ്ടാണ് വിലക്ക് നീക്കാത്തതെന്നു അദ്ദേഹം ചോദിച്ചു.ബി സി സി ഐ എന്തുകൊണ്ടാണ് ശ്രീശാന്തിന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകന്റെയും പക്ഷം കേൾക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.സ്‌കോട്ടിഷ് സീസണ്‍ ഏപ്രിലിലാണ് ആരംഭിക്കുന്നത്. ശ്രീശാന്തിനായി ഇപ്പോഴും ഗ്ലെന്റോര്‍ത്ത്‌സ് ടീമില്‍ ഇടം ഒഴിച്ചിട്ടിട്ടുണ്ട്. യാതൊരു ഫീസും വാങ്ങാതെ ക്ലബില്‍ കളിക്കാനാണ് ശ്രീശാന്ത് സമ്മതിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിസിഐ അനുമതി നല്‍കിയാല്‍ സ്‌കോട്ടിഷ് ക്രിക്കറ്റിലെ ഏക്കാലത്തെയും ഏറ്റവും വലിയ വാര്‍ത്തയാകും ഇതെന്നും എഡി പറഞ്ഞു. തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെടുക്കണമെന്നല്ല ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിരോധനം പിന്‍വലിച്ചാല്‍ ക്ലബ് തലത്തില്‍ കളിച്ചു തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button