Latest NewsNewsIndia

സി.പി.എം -തൃണമൂല്‍ ഭരണങ്ങളില്‍ മനം മടുത്ത് ബംഗാള്‍ ജനത ബി.ജെ.പിയിലേക്ക്

കൊല്‍ക്കത്ത•മറ്റുപാര്‍ട്ടികളില്‍ നിന്ന് ദിവസേനെ നിരവധിയാളുകളാണ് സംസ്ഥാനത്ത് ബിജെപി അംഗത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് പുറമെ ചിട്ടി, അഴിമതികളുമായിബന്ധപ്പെട്ട് നിരവധി തൃണമൂല്‍നേതാക്കള്‍ അകത്തായതും പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു. അതിനിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര നേതാക്കളടക്കം രംഗത്തെത്തിയത് സിപിഎമ്മിനെയും സമ്മര്‍ദ്ദത്തിലാക്കി. യോഗങ്ങളും ധര്‍ണ്ണകളും നടത്തുകയല്ലാതെ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കുവാന്‍പോലും അവര്‍ക്ക് സാധിച്ചില്ല.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം ബംഗാള്‍ മറ്റൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്നതിന്റെ വ്യക്തമായ സൂചനയായായിവേണം കണക്കാക്കാന്‍. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം കണ്ട് വിങ്ങലിച്ചിരിക്കുകയാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും. വോട്ടിനായി ജങ്ങളെ ഭിപ്പിപ്പിച്ചതും ബിജെപിയെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും സിപിഎമ്മിലെ അടിയൊഴുക്ക് ശക്തമാക്കി. വോട്ടെടുപ്പ് നടന്ന കാന്തി മണ്ഡലത്തില്‍ 2016ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിക്ക് ലഭിച്ച വോട്ട് വിഹിതം കേവലം 8 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ശതമാനം 32 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. ഇവിടെ ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണിത്.

അധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന മമതയുടെ നിലപാടുകളും ന്യൂണപക്ഷ പ്രീണനവും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനെല്ലാമുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കിയത്. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച മുന്നില്‍ക്കണ്ട തൃണമൂല്‍ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസടക്കം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബിജെപി, മമതയെ വെല്ലുവിളിക്കുന്നതരത്തില്‍ ഉയര്‍ന്നുവരുന്നതിനെ തടയിടാനായി നടത്തിയ ആക്രമണങ്ങള്‍ ഒടുവില്‍ അവര്‍ക്ക് തന്നെ തലവേദനയായി മാറി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് ഈസ്റ്റ് മിഡ്‌നാപ്പൂരിലെ കാന്തിമണ്ഡലം. ബിജെപിക്ക് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാതിരുന്ന ഇവിടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ട്ടിക്ക് പ്രബല ശക്തിയായി മാറാനായി. ബംഗാള്‍ ബിജെപിക്ക് അന്യമാണെന്ന് പരിഹസിച്ചിരുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് മോദിപ്രഭാവത്തിലൂടെ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ചന്ദ്രിമ ഭട്ടാചാര്യ ഒന്നാമതെത്തിയപ്പോള്‍ ബിജെപിയുടെ സൌരീന്ദ്ര മോഹന്‍ സിപിഐയെയും കോണ്‍ഗ്രസിനെയും ബഹുദൂരം പിന്നിലെത്തിച്ച് രണ്ടാമതെത്തി. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 1.03 ശതമാനം വോട്ട് വോട്ട് മാത്രം.

ബംഗാളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. സംഘപരിവാര്‍ സംഘടനകളും ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാഴ്ച വയ്ക്കുന്നത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വ്യക്തമായ അധിപത്യം ഉറപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്ര നേതാക്കള്‍ ഇടയ്ക്കിടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സംസ്ഥാനത്തെ നക്‌സല്‍ ബാധിത പ്രദേശങ്ങളടക്കം സന്ദര്‍ശിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദനും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും അരബിന്ദോയും ഉള്‍പ്പെടെയുള്ള നിരവധി മാതൃകാ നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാട്ടില്‍ എന്ത് വില കൊടുത്തും സ്വാധീനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button