Latest NewsIndia

മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ദീര്‍ഘകാല പ്രശ്‌നപരിഹാരമാണ് വേണ്ടത് – രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ദീര്‍ഘകാല പ്രശ്‌നപരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. നക്‌സലുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേക സൈനിക സംവിധാനമായ ‘സില്‍വര്‍ ബുള്ളറ്റ്’ മാത്രം മതിയാവില്ലെന്ന് നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്ര, ഒഡീഷ, ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, ഹന്‍സ് രാജ് അഹിര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല.

ഛത്തിസ്ഗഢിലെ സുഖ്മയില്‍ 25 സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചത്. നിലവില്‍ മാവോയിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്ന നയത്തില്‍ മാറ്റം വരുത്തണം. സുഖ്മയില്‍ ഉണ്ടായ ആക്രമണം ഇന്റെലിജന്‍സ് പരാജയം മാത്രമല്ല, വിവേകമുപയോഗിക്കുന്നതിലെ പരാജയം കൂടിയാണ്. സൈനിക തന്ത്രങ്ങളെ തോല്‍പ്പിക്കുന്ന തരം മാര്‍ഗങ്ങളാണ് മാവോയിസ്റ്റുകള്‍ പ്രയോഗിക്കുന്നത്. അത് മറികടക്കാനുള്ള സംവിധാനമാണ് ഉയര്‍ത്തികൊണ്ടുവരേണ്ടത്. സമര്‍ത്ഥവും പരപ്രേരണകൂടാതെ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന നേതൃത്വമാണ് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button