Latest NewsKerala

എന്തുകൊണ്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകർ കണ്ണൂരിൽ വേട്ടയാടപ്പെടുന്നു…? യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ പി അരുൺ മാസ്റ്റർ വിശദീകരിക്കുന്നു

കണ്ണൂർ: കണ്ണൂർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസ്സിൽ വരുന്നത് ഭീതിയാണ്. ഒരുപക്ഷെ കണ്ണൂർ അറിയപ്പെടേണ്ടത് ഇങ്ങനെ ആയിരുന്നില്ല. കൈത്തറിയുടേയും കലകളുടേയും നാടാണ് കണ്ണൂർ. കൈത്തറി, ഖാദി വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലും, വിപണനം ചെയ്യുന്നതിലും കണ്ണൂരായിരുന്നു എന്നും മുന്നിൽ.

അതുപോലെ തെയ്യവും, കഥകളിയും, കൂത്തും, പൂരക്കളിയും, കോൽക്കളിയും അരങ്ങ് തകർത്ത കണ്ണൂർ…. ഇപ്പോൾ കണ്ണൂരിന് എന്തുപറ്റി…..? രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള ആയുധമാക്കിയത് ആര്…? 1969ൽ തലശ്ശേരിയിലെ വാടിക്കലിൽ രാമകൃഷ്ണൻ എന്ന തയ്യൽ തൊഴിലാളിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ആദ്യം കുരുതി കൊടുത്തത് അന്ന് തൊഴിലാളി വർഗ്ഗപാർട്ടി എന്നറിയപ്പെട്ട സി.പി.ഐ.എം ആയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു…??

തലശ്ശേരിയിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. കൊലപാതകം കൊണ്ട് നേടുകയല്ല നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവ് നേടാത്ത സി.പി.ഐ.എം പിന്നീടും കൊലപാതകങ്ങൾ തുടർന്നു. അതിനൊക്കെ ജനങ്ങൾ തിരിച്ചടി നൽകിയത് ജീവനുകൾ നഷ്ടപ്പെട്ട പ്രസ്ഥാനത്തെ വളർത്തിയായിരുന്നു. ഇന്ന് സംഘപരിവാർ പ്രസ്ഥാനങ്ങൾ കണ്ണൂരിൽ അജയ്യ ശക്തിയായി വളരുന്നു എന്നത് ഈ ബലിദാനികളെ ജനങ്ങൾ നെഞ്ചേറ്റുന്നതുകൊണ്ടാണ്. സംഘടന വളരുന്നു എന്നത് സത്യം. പക്ഷെ നമുക്ക് നഷ്ടപ്പെടുന്നത് നാടിൻെറ ജനകീയ മുഖങ്ങളെയാണ്. കാലഹരണപ്പെട്ട ആശയ സംഹിത ജനങ്ങൾ വെറുക്കുന്നു എന്ന് മനസ്സിലാക്കിയവർ പിന്നീടുള്ള കൊലപാതകങ്ങൾ നടത്തുന്നത് ഭീഷണികൊണ്ട് പിടിച്ചു നിർത്താനാണ്. സംഘടനക്കെതിരെ ശബ്ദിച്ചാൽ കൊല്ലുകയാണ് വേണ്ടത് എന്നത് ടി.പി.ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിനെ കൊന്നത് മാത്രം ചിന്തിച്ചാൽ മതി.

നരേന്ദ്ര മോദിയെ പുകഴ്ത്തിയതിൻെറ പേരിൽ എ.പി.അബ്ദുള്ളക്കുട്ടിയെ പടിയടച്ച് പിണ്ഡംവെച്ചു. ഭ്രാന്തമായ ഈ ചിന്താഗതിയുള്ളവർ സമൂഹത്തിന് ശാപമാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടണം എന്നതാണ് സത്യം പക്ഷെ വ്യത്യസ്ത ആശയങ്ങൾ പ്രചരിപ്പിക്കുന്നവനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നത് കാടത്ത രീതിയാണ്. കേരളത്തിൽ മാത്രമാണ് ഇന്ന് കമ്യൂണിസം എന്ന ആശയം നിലനിൽക്കുന്നത്, അതിൽ ഏറ്റവും ശക്തി കണ്ണൂരും. അസഹിഷ്ണുതയെപ്പറ്റി വാചലരാകുന്നവർ കണ്ണൂരിൽ നടന്ന അക്രമങ്ങളെ ഒന്ന് പരിശോധിച്ചാൽ മനസ്സിലാകും ആർക്കാണ് അസഹിഷ്ണുത എന്നത്.

അവസാനത്തെ കച്ചിത്തുരുമ്പ് പിടിച്ചാണ് ഇന്ന് കേരളത്തിൽ സി.പി.ഐ.എം എന്ന പ്രസ്ഥാനം നിലനിൽക്കുന്നത്. കൊലപാതക ശൈലികൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും മനുഷ്യത്വമെന്നത് തൊട്ടുതെറിപ്പിച്ചിട്ടില്ല എന്ന വസ്തുത. പന്മലയിലെ എ.ബി.വി.പി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ കല്ലെറിഞ്ഞ് കൊന്നു, കെ.ടി.ജയകൃഷ്ണൻ എന്ന അധ്യാപകനെ കുട്ടികൾക്ക് അക്ഷരമോതികൊടുക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുന്നിൽ കൊത്തിനുറുക്കി, വെണ്ടുട്ടായിയിലെ സത്യനെ തലയറുത്ത് മാറ്റി നെഞ്ചിൽവച്ചു. സി.കെ.രാമകൃഷ്ണൻ എന്ന ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി ഭാര്യയുടെയും, പിഞ്ചുമക്കളുടേയും മുന്നിൽ വച്ച് വെട്ടിനുറുക്കി. ഇതു തന്നെയാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ കണ്ണൂരിൽ 86ഓളം സംഘപരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും സംഭവിച്ചത്.

എന്തുകൊണ്ട് കണ്ണൂരിലെ സംഘപരിവാർ നേതാക്കളും പ്രവർത്തകരും വേട്ടയാടപ്പെടുന്നു എന്നത് വലിയ വിഷയമാണ്. അതിനുത്തരം ലളിതവും സി.പി.ഐ.എമ്മിന് കേരളമാണ് ഇന്ന് ആകെ കൈമുതലായുള്ളത് ആ കേരളം നിയന്ത്രിക്കുന്നതോ കണ്ണൂർജില്ലയിലെ നേതൃനിരയും. അതുകൊണ്ട് തന്നെ കണ്ണൂർ ജില്ലയിലെ ഈ പ്രസ്ഥാനത്തിൻെറ വളർച്ച തകർന്നാൽ ഇനി സി.പി.ഐ.എം ചരിത്രമാകും എന്നത് വസ്തുത, അത് മനസ്സിലാക്കിയ നേതൃത്വം ഭീഷണിപ്പെടുത്തിയെങ്കിലും ഇവിടെ പിടിച്ചു നിൽക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അത് എത്രകാലം എത്രപേരെ കൊന്ന് എന്ന് അവരുടെ നേതൃത്വം ചിന്തിക്കണം.

ഇനി കണ്ണൂരിനാവശ്യം സമാധാനമാണ്, സുരക്ഷിതത്വമാണ് അതിന് എന്തു നടപടിയും കൈക്കൊള്ളാം. അഫ്സ്പ എങ്കിൽ അഫ്സ്പ… ഇടതുപക്ഷമാണ് ഭരിക്കുന്നത്, കൊലപാതകം തങ്ങളല്ല ചെയ്യുന്നത് എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന നിങ്ങൾ ഞങ്ങളുടെ, കണ്ണൂരുകാരുടെ സമാധാനത്തിന് അഫ്സ്പ ആവശ്യപ്പെടാൻ പിന്നന്തിന് മടിക്കുന്നു….?? ഇനി സമാധാനം സിപിഎം ഭരിക്കുന്ന സംസ്ഥാന പോലീസിന് കണ്ണൂരിൽ ഉണ്ടാക്കുവാൻ സാധിക്കില്ല എന്നത് ഏവർക്കും ബോധ്യമായ സത്യം. ഇനി ഒരു കൊലപാതകവും കണ്ണൂരിൽ നടക്കരുത്, കഴിഞ്ഞ ഒരു വർഷത്തിൽ കണ്ണൂരിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ടത് 5 പേരെയാണ്.

ഇനി കണ്ണൂരിലെ സമാധാനം ഏതു തരത്തിലും നഷ്ടപ്പെട്ടാൽ രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആദ്യമായി അങ്ങയെ “ധീരനെന്ന്” വിളിക്കാം ഞങ്ങൾ. ഊരിപിടിച്ച കത്തിക്കുമുന്നിലൂടെ നടന്നുപോയ അങ്ങയ്ക്ക് നേടിത്തന്ന ധീരതയല്ല, മറിച്ച് യഥാർത്ഥ ധീരത അങ്ങയ്ക്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button