Latest NewsNewsGulf

ഹൃദ്രോഗിയായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ഇക്കാമ എടുക്കാനായുള്ള മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

മഹാരാഷ്ട്ര മുംബൈ സ്വദേശിനിയായ ഫാത്തിമ ഹസ്സനാണ്, വിസ ഏജന്റുമാരുടെ ചതിയിൽപ്പെട്ട്   ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. മുൻപ് ഹൃദ്രോഗം മൂലം ഓപ്പറേഷൻ കഴിഞ്ഞ ഫാത്തിമ, വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായത് കാരണമാണ് പ്രവാസലോകത്ത് ജോലി തേടിയത്. മുംബൈയിലുള്ള ഒരു വിസ ഏജന്റ്, സൗദി സ്‌പോൺസറുടെ കൊച്ചുകുട്ടികളെ നോക്കാനുള്ള, ശാരീരിക അദ്ധ്വാനം ആവശ്യമില്ലാത്ത ജോലി നൽകാം എന്ന് പറഞ്ഞാണ് ഫാത്തിമയുടെ കൈയ്യിൽ നിന്നും പണം വാങ്ങി വിസ നൽകിയത്. പണം നൽകി നാട്ടിലെ  മെഡിക്കൽ ടെസ്റ്റും പാസ്സാക്കിയാണ് ഏജന്റ് ഫാത്തിമയെ സൗദിയിലേയ്ക്ക് കയറ്റി വിട്ടത്.

എന്നാൽ ദമ്മാമിലെ സ്‌പോൺസറുടെ വീട്ടിൽ എത്തിയ ശേഷമാണ്, ആ വലിയ വീട്ടിലെ മുഴുവൻ അടുക്കള ജോലിയും ചെയ്യാനാണ് തന്നെ കൊണ്ടുവന്നത്  എന്ന് ഫാത്തിമ മനസ്സിലാക്കുന്നത്. എങ്കിലും ജോലിയിൽ പിടിച്ചു നിൽക്കാനായിരുന്നു ഫാത്തിമയുടെ ശ്രമം. എന്നാൽ ഇക്കാമ എടുക്കാനായി മെഡിക്കൽ ടെസ്റ്റ് നടത്തിയപ്പോൾ, ഫാത്തിമ ഹൃദ്രോഗിയാണ് എന്ന് കണ്ടെത്തുകയും, ജോലി ചെയ്യാനുള്ള ആരോഗ്യമില്ലെന്ന കാരണത്താൽ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട്, ഇക്കാമ എടുക്കാൻ കഴിയാതെയും വന്നു. തുടർന്ന് കുപിതനായ സ്പോൺസർ, തനിയ്ക്ക് ഇനി ഒരു ഉത്തരവാദിത്വവും ഇല്ലെന്നു പറഞ്ഞു, ഫാത്തിമയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയും ചെയ്തു.

വനിതാ അഭയകേന്ദ്രത്തിൽ വെച്ച് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട ഫാത്തിമ, മഞ്ജുവിനോട് തനിയ്ക്ക് നാട്ടിലേയ്ക്ക് തിരികെ പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.  മഞ്ജു ഫാത്തിമയുടെ സ്പോണ്സറെയും, നാട്ടിലെ വിസ ഏജന്റിനെയും ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. സ്പോണ്സർക്ക് ഫാത്തിമയ്ക്ക് പകരം മറ്റൊരു ഇന്ത്യൻ വീട്ടുജോലിക്കാരിയെ ഏർപ്പാടാക്കിക്കൊടുക്കാം എന്ന് ഏജന്റ് സമ്മതിച്ചു. ആ ഉറപ്പിന്മേൽ ഫാത്തിമയ്ക്ക് ഫൈനൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. എന്നാൽ വിമാനടിക്കറ്റ് നൽകാൻ സ്പോൺസറോ, ഏജന്റോ തയ്യാറായില്ല.

നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച് അൽ കോബാറിൽ താമസിയ്ക്കുന്ന പഞ്ചാബ് സ്വദേശിയായ ലോവെൽ ഡി.എസ്. വാഡൻ എന്ന പ്രവാസി, ഫാത്തിമയ്ക്ക് വിമാനടിക്കറ്റ് നൽകി.

നിയമനടപടികൾ  പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞു, മൂന്നുമാസത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഫാത്തിമ ഹസ്സൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button