Latest NewsNewsIndia

സൈന്യത്തിന് നേരെ വെടി വയ്ക്കാം : കശ്മീരിലെ സമരക്കാരോട് കരസേനാ മേധാവിയുടെ വെല്ലുവിളി

ശ്രീനഗര്‍: കശ്മീരിലെ സമരക്കാരെ വെല്ലുവിളിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് . കാശ്മീരില്‍ പ്രക്ഷോഭം നടത്തുന്നവര്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നതിന് പകരം വെടിയുതിര്‍ത്താല്‍ അത് തങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. കാശ്മീരില്‍ സൈന്യത്തിനു നേരെ പ്രക്ഷോഭകര്‍ നിരന്തരം കല്ലെറിയുന്ന സാഹചര്യത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം.

സമരക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ കാശ്മീരില്‍ യുവാവിനെ സൈനിക ഓഫീസര്‍, ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതിനെ റാവത്ത് ന്യായീകരിച്ചു. പ്രക്ഷോഭകര്‍ സൈന്യത്തിനു നേരെ പെട്രോള്‍ ബോംബും കല്ലുകളും വലിച്ചെറിയുമ്പോള്‍ എന്താണ് ചെയ്യുക. നിങ്ങള്‍ പ്രതികരിക്കേണ്ട, കാത്തിരുന്ന് മരണം വരിക്കൂ എന്ന് സൈനികരോട് പറയാന്‍ കഴിയുമോ – റാവത്ത് ചോദിച്ചു.

യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിലുള്‍പ്പെട്ട മേജര്‍ ലീതുല്‍ ഗോഗോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത് യുവസൈനികരുടെ ആത്മവിശ്വാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ്. തീവ്രവാദം കടുത്ത രീതിയില്‍ ബാധിച്ച ഇടങ്ങളില്‍ സൈനികരുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടികള്‍ ഒന്നും ഉണ്ടായിക്കൂടാ. കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് നിഴല്‍ യുദ്ധം തികച്ചും വൃത്തികെട്ടതാണ്. ഇതിനെ നേരിടാന്‍ നൂതന വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈന്യം ജനങ്ങളോട് സൗഹൃദപരമായി കഴിയാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടാല്‍ സൈന്യത്തെ എല്ലാവരും ഭയപ്പെടേണ്ടി വരും. അതേസമയം, പരമാവധി അവസരങ്ങളിലും സൈന്യം സംയമനം പാലിക്കുകയാണ് ചെയ്യാറുള്ളത്. ജമ്മുകാശ്മീരിലും അതേ രീതി തന്നെയാണ് സൈന്യം തുടരുന്നത്. സൈന്യത്തിന്റെ മേധാവി എന്ന നിലയ്ക്ക് സൈനികരുടെ ആത്മവീര്യം ഉയര്‍ത്തുകയാണ് തന്റെ ജോലി. അത് എന്ത് വില കൊടുത്തും ചെയ്‌തേ മതിയാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button