ന്യുഡല്‍ഹി : കാണാതായ ആറു വയസുകാരന് കാറിനുള്ളില്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ റാണിബഗില് നിന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ കാണാതായ ആറു വയസുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. സോനു എന്ന കുട്ടിയാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്കാണ് കുട്ടിയെ കാണാതായത്. എന്നാല്‍ കുട്ടി എങ്ങനെയാണ് ഹുണ്ടായ് ഏക്സന്റ് കാറിനുള്ളില്‍ എത്തിയതെന്ന് അറിയില്ല. വൈകീട്ട് നാലോടുകൂടിയാണ് കുട്ടിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടി മരിച്ചു കിടക്കുന്നത് കണ്ട് കാറുടമ തന്നെയാണ് രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നല്ല ചൂടുള്ള ദിവസമായിരുന്നു. ഉച്ചസമയത്ത് കാറിനുള്ളിലായതിനാല്‍ ചൂടും ശ്വാസം മുട്ടലും കാരണമാണ് മരിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ട്. എന്നാലും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments