Latest NewsKeralaNews

കയ്യേറ്റ ശ്രമം ഉണ്ടായെന്ന് കള്ളപ്രചരണം നടത്തി സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനാണ് സിപിഎം ശ്രമം; കുമ്മനം

തിരുവനന്തപുരം: സീതാറാം യെച്ചുരിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായെന്ന് അബദ്ധ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.തന്നെ കയ്യേറ്റം ചെയ്തെന്ന് യെച്ചൂരി പോലും പരാതി പറഞ്ഞിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകരും കയ്യേറ്റം ഉണ്ടായെന്നു പറഞ്ഞില്ല,മുദ്രാവാക്യം മുഴക്കി എന്നാണ് പറഞ്ഞത്.

ഇല്ലാത്ത സംഭവത്തിന്‍െറ പേരിൽ ഭാരതത്തിലെ ഏറ്റവും തലമുതിർന്ന രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എൽ കെ അദ്വാനിയെപോലും തടയാൻ സിപിഎം തയ്യാറായത് തികച്ചും കാടത്തമാണ്. കേന്ദ്രമന്ത്രി പ്രകാശ്‍ ജാവ്‍ദേക്കറിന് നേരെ ഡി വൈ എഫ് ഐയുടെ കയ്യേറ്റ ശ്രമത്തെയും കുമ്മനം അപലപിച്ചു. ആർ എസ് എസുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത ആരോ ചെയ്ത കാര്യത്തിന് കേരളത്തിൽ ബിജെപി കാര്യാലയങ്ങൾക്കും പ്രവർത്തകർക്കും നേരെ അക്രമം അഴിച്ചു വിടാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറണം.

കേരളം മുഴുവൻ സിപിഎം നടത്തുന്ന അതിക്രമത്തിന് പൊലീസ് കൂട്ടു നിൽക്കുകയാണ്.പച്ച നുണകളുടെ മൊത്ത വ്യാപാരികളായി സി പി എം മാറി. കശാപ്പ് നിയന്ത്രണത്തിന്‍റെ പേരിൽ പ്രത്യേക നിയമ സഭ കൂടി പ്രമേയം പാസാക്കുന്നതും മറ്റൊരു കള്ളം പ്രചരിപ്പിക്കുന്നതിനാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ സിപിഎം പ്രവർത്തകർ നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

ഇതിനിടെ സിപിഎം പ്രവർത്തകർ കേരളം മുഴുവൻ വ്യാപക അക്രമം ആണ് നടത്തുന്നതെന്നാണ് പരാതി.ചേർത്തലയിൽ ബിഎംഎസ് കാര്യാലയം അടിച്ച് തകർത്തപ്പോൾ മാന്നാറിലും, മുതുകുളത്തും ആലപ്പുഴയിൽ ബിജെപി യുടെയും ബിഎംഎസിന്റെയും കൊടിമരങ്ങൾ സിപിഎം പ്രവർത്തർ തകർത്തു.ഇതിനിടെ ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ ഹിന്ദുസേന പ്രവര്‍ത്തകരല്ലെന്നും അനുഭാവികള്‍ മാത്രമാണെന്നും ചാര്‍ജ് ഷീറ്റിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button