NattuvarthaLatest NewsKerala

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

അനിൽകുമാർ

വയനാട്: നഗരസഭയുടെ ക്രിയാത്മകമായ ചുവടുവെപ്പിന് അംഗീകാരമായി മാനന്തവാടിയെ ‘ബീക്കണ്‍’ മുനിസിപ്പാലിറ്റിയായി സംസ്ഥാന ശുചിത്വ മിഷന്‍ തെരെഞ്ഞെടുത്തു. വികേന്ദ്രീകൃത സംസ്‌കരണം, ഉറവിട സംസ്‌കരണം, എന്‍റെ മാലിന്യം എന്റെ ഉത്തരവാദിത്വം, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് തുടങ്ങിയ ആധുനിക മാലിന്യ നിര്‍മ്മാര്‍ജ്ജന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് രൂപീകരിക്കുന്ന സംവിധാങ്ങളിലൂടെ നഗരസഭയെ മാലിന്യശാപത്തില്‍ നിന്ന് മുക്തമാക്കുന്നതിനുള്ള ശ്രമത്തിന് തുടക്കം കുറിച്ചു.

സ്വച് ഭാരത് മിഷന്‍റെ സഹകരണത്തോടെ ആവിഷ്‌കരിക്കുന്ന സംവിധാനങ്ങള്‍ക്കായി ടെക്‌നിക്കല്‍ കമ്മിറ്റി, റിസോഴ്‌സ് ടീം എന്നിവയുടെ രൂപീകരണവും നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമുള്ള പരിശീലനവും നടന്നു. സംസ്ഥാനത്ത് ബീക്കണ്‍ മുനിസിപ്പാലിറ്റിയായി തെരെഞ്ഞെടുത്ത് പൈലറ്റ് പ്രോജക്ട് എന്ന രൂപത്തില്‍ എരുമത്തെരുവ് ഡിവിഷനില്‍ പദ്ധതി നടപ്പിലാക്കും. അതോടൊപ്പം നഗരസഭയിലെ എല്ലാ വീടുകളും, സ്ഥാപനങ്ങളും, പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടപ്പാകുമെന്ന് ഉറപ്പുവരുത്തുകയും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യു൦. ഇതിന് തുടക്കം കുറിച്ച് കൊണ്ട് മാനന്തവാടി നഗരസഭയിലെ കൗൺസിലർമാർക്കായി എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

സ്വച്ച് ഭാരത് മിഷൻ വയനാട് അർബന്‍റെ ആഭിമുഖ്യത്തിൽ ക്ഷീര സംഘം ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല നഗരസഭാധ്യക്ഷന്‍ വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പ്രതിഭ ശശി അധ്യക്ഷയായിരുന്നു. ശില്‍പശാലയില്‍ എത്തിയ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു, മാലിന്യമില്ലാത്ത സമൂഹത്തിന്‍റെ സൃഷ്ടിക്കായി നേതൃത്വം ഏറ്റെടുക്കാന്‍ കൗണ്‍സിലര്‍മാരോട് ആവശ്യപ്പെട്ടു. കടവത്ത്മുഹമ്മദ്, പി ടി ബിജു, പി വി ജോർജ്ജ്, ശാരദാസജീവൻ, പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അനുപ്, ജില്ലാ കോർഡിനേറ്റർ ശ്രീബാഷ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മാലിന്യ നിർമാർജ്ജന ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button