KeralaLatest NewsNews

സംസ്ഥാനത്ത് 200 കോടിയുടെ ഭൂമി തട്ടിപ്പ് കണ്ടെത്തിയ സബ്കളക്ടര്‍ക്ക് സ്ഥാനം തെറിച്ചു

 

കൊച്ചി: സംസ്ഥാനത്ത് 200 കോടിയുടെ ഭൂമിത്തട്ടിപ്പ് കണ്ടെത്തിയ സബ് കളക്ടര്‍ക്ക് സ്ഥാനം തെറിച്ചു. ഉന്നത കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ.അഥീല അബ്ദുള്ളയ്ക്കാണ് സ്ഥാനം നഷ്ടമായത്.

കഴിഞ്ഞ ഒന്‍പതു മാസമായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായി പ്രവര്‍ത്തിക്കുന്ന അഥീല ഇതിനകം 200 കോടിയിലധികം വിലമതിക്കുന്ന ഭൂമികളിലെ കയ്യേറ്റമാണ് കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇനിയും ഇത്തരത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് പെട്ടന്നുള്ള സ്ഥലമാറ്റം.

നെല്‍വയല്‍ നികത്തുന്നത് തടയുന്നതിനും നേതൃത്വം നല്‍കി വരികയായിരുന്ന സബ് കളക്ടര്‍ കൊച്ചിയിലെ അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ള ഭൂമാഫിയയുടെ കണ്ണിലെ കരടായിരുന്നു. അധികാര കേന്ദ്രങ്ങള്‍ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് കൊച്ചി സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് അഥീലയെമാറ്റാന്‍ കാരണമെന്നാണ് സൂചന.

 

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അജണ്ടക്ക് പുറത്തുള്ള ഇനമായി ഉള്‍പ്പെടുത്തിയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയിലേക്ക് അഥീലയെ മാറ്റിയത്.

എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലായി നടന്നിരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തി സബ് കളക്ടര്‍ സ്വീകരിച്ച നടപടി പല ഉന്നതരുടെയും ഉറക്കം കെടുത്തിയിരുന്നു. ഏകദേശം 200 കോടിയോളം വിലവരുന്ന ഭൂമി കയ്യേറ്റമാണ് കണ്ടെത്തിയിരുന്നത്. ഇതില്‍ കൊച്ചിയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപന ഉടമയുടെ വൈറ്റിലയിലുള്ള 45 കോടിയുടെ ഭൂമിയും വരും.

നഗരത്തിലെ പ്രമുഖ ക്ലബ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയതും പ്രമുഖ ബില്‍ഡറുടെ കാക്കനാട്ടുള്ള ആറ് ഏക്കര്‍ കൃഷിഭൂമി കരഭൂമിയാക്കാനുള്ള ശ്രമത്തിന് തടയിടാന്‍ സബ് കളക്ടര്‍ തന്നെ ഹൈക്കോടതിയില്‍ നേരിട്ട് അപ്പീല്‍ ഫയല്‍ ചെയ്തതും വാട്ടര്‍ തീം പാര്‍ക്ക് ഉടമയുടെ ഭൂമി കണ്‍വര്‍ട്ട് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതിരുന്നതുമെല്ലാം വലിയ എതിര്‍പ്പിന് കാരണമായ സംഭവങ്ങളാണ്.
മറ്റൊരു പ്രമുഖ സ്ഥാപനം സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന എട്ടു കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടായിരുന്നതിലും അഥീലയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button