Latest NewsKerala

അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു

പന്തളം: പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ വിവാഹം ചെയ്ത് സ്വര്‍ണവും പണവുമായി മോഷ്ടിച്ച് കടന്നുകളയുകയാണ് യുവതി ചെയ്തത്.

കൊട്ടാരക്കര സ്വദേശിയാണ് ശാലിനി. പത്തനംതിട്ട സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിനൊരുങ്ങവെയാണ് യുവതിയെ പോലീസ് പിടികൂടിയത്. പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി. ഇത്തരത്തില്‍ പരസ്യം കണ്ടാണ് പത്തനംതിട്ട സ്വദേശിയും വിവാഹത്തിനൊരുങ്ങിയത്.

രാവിലെ 11 മണിയോടെ ശാലിനിയും യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹചടങ്ങ് പൂര്‍ത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ ശാലിനി കബളിപ്പിച്ച കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവര്‍ യുവതിയെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി. ഇതോടെ യുവതി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീക്കിന്റെ നിര്‍ദേശ പ്രകാരം സി.ഐ ആര്‍. സുരേഷ്, എസ്.ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവാഹം ഉടന്‍ വേണമെന്നായിരുന്നു പുതിയ വരനോട് ശാലിനി പറഞ്ഞത്. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബെംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് കേരളാ ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button