Latest NewsNewsInternational

ഭീകര സംഘടനയായ ഐ.എസിന് പുറമെ ഇന്ത്യയെ ലക്ഷ്യമിട്ട് അല്‍ഖ്വയ്ദയും : ലക്ഷ്യം ഇന്ത്യന്‍ സൈനികരെ : രാജ്യത്ത് കനത്ത ജാഗ്രത

 

ന്യൂഡല്‍ഹി : ലോകത്തെ ഭീകര സംഘടനകളായ ഐ.എസിന് പുറമെ അല്‍ഖ്വയ്ദയും ഇന്ത്യയെ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളെയും ഹിന്ദു ‘വിഘടനവാദി’ സംഘടനകളെയും ലക്ഷ്യമിടാന്‍ അല്‍ ഖായിദ തയാറെടുക്കുന്നതായി അടുത്തിടെ പുറത്തുവന്ന രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അംഗങ്ങള്‍ക്കായി സംഘടന പുറത്തിറക്കിയ രേഖയിലാണ് ഇതിന്റെ സൂചനകളുള്ളത്.

ഡ്യൂട്ടിയിലായാലും അല്ലെങ്കിലും ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിടുമെന്ന സൂചനയും ഈ രേഖയിലുണ്ട്. യുദ്ധമുഖത്തോ, ബാരക്കിലോ, സൈനിക ബേസുകളിലോ ആകട്ടെ, സൈനികരെ ആക്രമിക്കാന്‍ മടിക്കില്ലെന്ന കൃത്യമായ സൂചനകള്‍ ഈ രേഖയിലുണ്ട്. ശരീയത്ത് നിയമം നടപ്പാക്കുന്നതിനെതിരെ പോരാടുന്നവരായതിനാല്‍, ശത്രു സൈനികര്‍ ഡ്യൂട്ടിയിലായാലും അല്ലെങ്കിലും ലക്ഷ്യം വയ്ക്കുമെന്നാണ് വിശദീകരണം.

സാധാരണ സൈനികരേക്കാള്‍ ഓഫിസര്‍മാരെ ലക്ഷ്യമിടാനും രേഖയില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ സീനിയറായ ആളുകളെ ആദ്യം ലക്ഷ്യംവച്ച് കൊലപ്പെടുത്തുന്ന രീതിയിലാകണം കാര്യങ്ങള്‍ നീക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കുന്നു. കശ്മീരി യുവാക്കളുടെ രക്തക്കറ പതിച്ചിട്ടുള്ള ഓഫിസര്‍മാരെ ആദ്യം കൊലപ്പെടുത്തണമെന്നും അല്‍ ഖായിദ ആഹ്വാനം ചെയ്യുന്നു. രേഖ പുറത്തായതോടെ, ഇതേക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അല്‍ ഖായിദയുടെ പിന്തുണയുണ്ടെന്ന് തുറന്നു പ്രഖ്യാപിച്ച് മുന്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ സാക്കിര്‍ മൂസ പുതിയ സംഘടന ആരംഭിച്ച സാഹചര്യത്തില്‍ ഇതും ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിഗണിക്കുന്നുണ്ട്.

അതേസമയം, സാധാരണക്കാരായ ഹിന്ദുക്കളെയോ മുസ്‌ലിംകളെയോ ബുദ്ധമത വിശ്വാസികളെയോ ആക്രമിക്കില്ലെന്നും രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതവിശ്വാസികളുടെയും ആരാധനാലയങ്ങളും ആക്രമിക്കാന്‍ ശ്രമിക്കില്ല. മുസ്‌ലിം പള്ളികള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഐഎസ് ഭീകരരുടെ രീതിക്കു വിരുദ്ധമാണ് ഈ നിലപാടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ശരീയത്ത് നിയമം സ്ഥാപിക്കുന്നതിനായി മേഖലയില്‍ സ്വാധീനമുള്ള ഭീകരസംഘടനകളെ യോജിപ്പിക്കുന്നതിന് ഇവര്‍ നടത്തുന്ന നീക്കത്തെ സുരക്ഷാ ഏജന്‍സികള്‍ ആശങ്കയോടെയാണ് കാണുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button