Latest NewsNewsIndia

പാകിസ്ഥാന്റെ കിരാത നടപടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ട്

 

ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ടെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത്. പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികരോട് ചെയ്ത കിരാത നടപടി ഇന്ത്യ ചെയ്യില്ല. യുദ്ധം എളുപ്പമാണെന്ന ചിന്തയാണ് പാക്കിസ്ഥാനുള്ളത്. നമ്മുടേത് അച്ചടക്കമുള്ള സൈന്യമാണ്, കാടന്‍മാരല്ല. ശത്രു സൈനികരുടെ തലയറുക്കണമെന്ന നിലപാടല്ല നമ്മുക്കുള്ളത്- ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്ക് സൈന്യത്തിന്റെ കിരാത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭീകരസംഘടയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി യുഎസ് പ്രഖ്യാപിച്ചതിനെ ജാഗ്രതയോടെ കാണുകയാണെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ മനോഭാവം വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ തലയ്ക്കു വിലയിട്ടിരുന്നെങ്കിലും അയാളെയോ അയാളുടെ സംഘടനയെയും ഇല്ലാതാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല.

കശ്മീരില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ സമാധാനം ഉണ്ടാകണമെന്നും റാവത്ത്, കശ്മീരി നേതാക്കളുമായുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കി. സൈന്യം ചെയ്യാനുള്ള ജോലി ചെയ്യും. സമാധാനം തിരികെക്കൊണ്ടുവരുന്നത് ഉറപ്പാക്കും. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നയാളുമായി ചര്‍ച്ച നടത്തും.

കശ്മീരിലെ യുവജനങ്ങളെ സ്വാധീനിക്കാനുള്ള നടപടികള്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടെന്നും റാവത്ത് വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ നിരവധി തെറ്റിദ്ധാരണകളുണ്ട്. 12, 13 വയസ്സുള്ള കുട്ടികള്‍ പോലും ബോംബ് സ്‌ഫോടനം നടത്തുന്നവരാകണം എന്നു പറയുന്നു. നമുക്ക് നേരിട്ടു സംവേദിക്കാനുകള്ള യുവനേതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സൈന്യം. ജനങ്ങള്‍ അക്രമത്തില്‍നിന്നു പിന്തിരിയണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പരസ്പരമുള്ള വെടിവയ്പ്പില്‍ നിരപരാധികള്‍ ഉള്‍പ്പെടരുതെന്നാണ് ആവശ്യമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button