Latest NewsLiteratureReader's Corner

അക്ഷരസുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 23 വര്‍ഷങ്ങള്‍

ഇന്ന് ജൂലൈ 5. മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 23 വര്‍ഷങ്ങള്‍. നിയതമായ ഘടനയില്‍ ഒപ്പിച്ചുകൂട്ടിയ വികാര വായ്പുകള്‍ ഇല്ലാത്ത ഭാഷയുടെയും അതിനെ തളച്ചിട്ട വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ഒരിക്കലും മറ്റൊരാള്‍ക്ക് പകര്‍ത്താനോ വിവര്‍ത്തനം ചെയ്യാനോ ആകാത്ത മനോഹരമായ നാടന്‍ പദങ്ങളുടെ വേലിയേറ്റമാണ് ബഷീര്‍ കൃതികള്‍. സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകളിലൂടെ വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യാന്‍ ആ തൂലികയ്ക്ക് കഴിഞ്ഞു.

മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാന്‍ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ഭാഷയാണ്. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ അദ്ദേഹം എഴുതിയില്ല. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു. മറ്റുള്ളവര്‍ ജീവിതത്തിനപ്പുറത്ത് കൃതികളുടെ പേജുകള്‍ക്ക് പ്രാധാന്യം നല്‍കി എന്ന് പോലും സംശയിക്കുന്ന കാലത്ത് അതിദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച്‌ എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ച് പത്രാധിപരുടെയടുത്തെത്തിയ ബഷീറിനോട് ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും അറിയിച്ചു. ഈ മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിലസുകയായിരുന്നു ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്നും അക്ഷരസുല്‍ത്താനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കി.

പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം ( ഭാര്‍ഗവീ നിലയം) എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.

വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പത്തുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ച അദ്ദേഹം ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി.

കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഓരോ എഴുത്തുകാരനും അവന്‍റെ വാക്കുകളിലൂടെ സര്‍ഗ്ഗാത്മക കൃതികളിലൂടെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഇന്നും വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കാലമെത്ര കഴിഞ്ഞാലും ആനവാരിയും എട്ടുകാലി മമ്മൂഞ്ഞും ചട്ടുകാലനുമെല്ലാം ഗ്രാമീണത നിറഞ്ഞ ജീവിതം നമുക്ക് കാട്ടി തരുന്നു.

shortlink

Related Articles

Post Your Comments


Back to top button