ന്യൂഡൽഹി: ഗംഗ, യമുന നദികളുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായക നിലപാട്. ഗംഗ, യമുന നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പുണ്യനദികൾ എന്ന പരിഗണയിലാണ് മുൻപ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികൾക്കും മനുഷ്യതുല്യമായ പദവി നൽകിയത്. ആ നടപടിയാണ് സുപ്രീംകോടതി ഇപ്പോൾ സ്റ്റേ ചെയ്തത്. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ.
കഴിഞ്ഞ മാർച്ചിലായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികൾക്കും വ്യക്തിക്ക് തുല്യമായ പദവി നൽകിയ വിധി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന എല്ലാ അവകാശാധികാരങ്ങൾക്കും ഈ നദികളും അർഹരാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ ‘നിയമപരമായ രക്ഷിതാക്കള്‍’ ആയും കോടതി പ്രഖ്യാപിച്ചു. രണ്ട് പുണ്യനദികളുടെയും ‘ആരോഗ്യവും സുരക്ഷയും’ ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കായിരുന്നു.
പക്ഷേ ആ വിധിയിലുള്ള ഗംഗ, യമുന നദികളിലെ വെള്ളപ്പൊക്കം മൂലം ആർക്കെങ്കിലും ദോഷം സംഭവിച്ചാൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന പ്രസ്താവനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനെ പ്രേരിപ്പിച്ചത്.
ന്യൂസിലന്‍ഡിലുള്ള വാംഗ്നുയി നദിക്ക് അവിടെ വ്യക്തിയുടെ പദവിയുണ്ട്. ഈ മാതൃകയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി കോടതി സ്വീകരിച്ചത്.
Post Your Comments