KeralaNews

ടോള്‍പ്ലാസ മാടവനയിലേക്ക് മാറ്റാനൊരുങ്ങുന്നു; പ്രാരംഭ നടപടികള്‍ ആരംഭിച്ചു

അരൂർ: ദേശീയ പാതയിലെ തിരക്കേറിയ കുമ്പളം ടോൾ പ്ലാസ മാടവനയിലേക്ക് മാറ്റി സ്ഥാപിക്കാൻ ആലോചന. നിലവിൽ ടോൾ പ്ലാസ വിപുലീകരിക്കാനുള്ള സ്ഥലം കുമ്പളത്ത് ലഭ്യമല്ലാത്തതിനാലാണ് മാടവനയിലേക്ക് മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. നിലവിൽ കുമ്പളം ടോൾ പ്ലാസ വികസിപ്പിക്കണമെങ്കിൽ നിരവധി സ്വകാര്യ വ്യക്തികളുടെ സ്ഥലവും ആരാധനാലയങ്ങളും ഒഴിപ്പിക്കേണ്ടി വരും. കൂടാതെ 27 കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്യും.

എന്നാൽ മാടവനയിൽ ദേശീയ പാത അതോറിറ്റിക്ക് ആവശ്യത്തിനു സ്ഥലമുണ്ട്. ടോൾ വിരുദ്ധ സമിതിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്.
കുമ്പളം ടോള്‍പ്ലാസയില്‍ നിലവില്‍ എട്ട് കവാടങ്ങളാണ് ഉള്ളത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ വാഹനങ്ങളെ ടോള്‍ ക്യൂവില്‍ കിടത്തുന്നത് ഒഴിവാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കുമ്പളം പ്ലാസയില്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല. ആംബുലന്‍സുകള്‍ക്കും മറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിഞ്ഞയിടെയാണ് പ്രത്യേക കവാടം അനുവദിച്ചത്.

നാട്ടുകാരുടെ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് സ്ഥാപിച്ച ഈ കവാടത്തിലൂടെ മറ്റ് വാഹനങ്ങളേയും കടത്തിവിടുകയാണ്. വാഹനത്തിരക്ക് നാള്‍തോറും വര്‍ധിച്ചിട്ടും അതിനനുസരിച്ചുള്ള വികസനം ടോൾ പ്ലാസയിൽ എത്തിയിട്ടില്ല. വെയ്ബ്രിഡ്ജ്, 10 കവാടങ്ങള്‍, ആംബുലന്‍സുകള്‍ക്കും മറ്റുമുള്ള പ്രത്യേക കവാടം, ശൗചാലയങ്ങളുടെ ബ്ലോക്ക് എന്നിവയടങ്ങിയ ടോള്‍പ്ലാസയാണ് മാടവനയില്‍ നിര്‍മിക്കാൻ ഉദ്ദേശിക്കുന്നത് .ഇതോടെ ടോൾ പ്ലാസയിലെ നീണ്ട നിര ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button