KeralaLatest NewsNews

മലയാള സിനിമയെ നിയന്ത്രിയ്ക്കുന്ന സംഘടനകളിലെ മാഫിയാ കൂട്ടുകെട്ടുകള്‍ക്കും താരവാഴ്ചയ്ക്കും അവസാനമാകുമോ ?

 

സിനിമാ മേഖലയില്‍ ഇതുവരെയും കാണാത്ത ഒരു സ്തംഭനാവസ്ഥയാണ് ഇപ്പോഴുള്ളത്. യുവനടി ആക്രമിയ്ക്കപ്പെട്ടതും അതെ തുടര്‍ന്നുള്ള ജനപ്രിയനായകന്റെ അറസ്റ്റും, പല നടന്‍മാരും സംശയത്തിന്റെ മുള്‍മുനയിലായതും മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചുവെന്നു തന്നെ പറയാം. അതിലും മുന്‍പ് തിയറ്റര്‍ ഉടമകളുടെ സമരവും റിലീസിംഗ് മാറ്റിവെയ്ക്കലും അങ്ങനെ ഒത്തിരി പ്രശ്‌നങ്ങള്‍ മലയാള സിനിമ ഇതുവരെ കാണാത്ത പ്രതിസന്ധിയില്‍പ്പെട്ടിരിയ്ക്കുന്ന ഒരു കാഴ്ചായാണ് ഇപ്പോള്‍ കുറേ നാളായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉയര്‍ത്തിവിട്ട നടുക്കുന്ന പ്രശ്‌നങ്ങളില്‍പ്പെട്ടുലയുകയാണ് മലയാള സിനിമ. പലരുടേയും നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന വമ്പന്‍മാര്‍ക്കുപോലും അടിതെറ്റുന്ന അവസ്ഥ. ഇങ്ങനെയൊരു സിനിമാ ദുസ്ഥിതി മലയാളത്തെ വേട്ടയാടുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ നാളുകളായി ഈ രംഗത്തു തുടര്‍ന്നു വന്നിരുന്ന ദുഷ് പ്രവണതകളാണ് ഇവിടംവരെ എത്തിച്ചതെന്നതാണ് വസ്തുത. താര സംഘടനയായ അമ്മ താരബലം കൊണ്ട് സമ്പന്നമാണെങ്കിലും താരങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടി കാണിയ്ക്കുന്നു. അമ്മയ്ക്കുള്ളില്‍ തന്നെ പലര്‍ക്കും സംഘടനയെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമല്ല. എന്നാല്‍ ഇത് പുറത്തേയ്ക്ക് തുറന്നു പറയാന്‍ ഇവരില്‍ പലരും തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുറന്നു പറഞ്ഞാല്‍ തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ഇവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതിനാല്‍ തന്നെ പലരും അതിനുള്ളിലെ പുകയുന്ന കാര്യങ്ങള്‍ മറച്ചുവെച്ചു.

യുവനടി ആക്രമണത്തിനിരയായതും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങളുമാണ് പലരെയും സംഘടനയെ കുറിച്ച് തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്. മലയാള സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സര്‍വമേഖലകളേയും ഇന്നത്തെ പ്രതിസന്ധി ബാധിക്കും എന്നതില്‍ സംശയമില്ല. സിനിമാസംഘടനകള്‍ ശക്തമാണെന്നുള്ള വിശ്വാസംകൂടിയാണ് ഇപ്പോള്‍ തകരുന്നത്. മാഫിയയും പണക്കൊഴുപ്പുംകൊണ്ടു ദുഷിച്ചുവെന്നാണ് ഈ സംഘടനെയക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വസ്തുതകളില്‍ നിന്നും മനസിലാകുന്നത്. സംഘടനയില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ മാത്രം ആധിപത്യം മാത്രമാണെന്നും സംഘടനാംഗങ്ങളായ ചില താരങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഇനിയും പലതും പുറത്തുവരാനിരിക്കുന്നുവെന്നാണ് ഇവര്‍തന്നെ നല്‍കുന്ന സൂചന. സിനിമാസംഘടനകളുടെ ഭാവി ഇനി എന്താകുമെന്ന ചോദ്യം ബാക്കിയാണ്.

താരസംഘടനയായ അമ്മ പിളരുകയോ മറ്റൊന്നാകുകയോ ചെയ്യാം. ഇന്നുള്ള നേതൃത്വം മാറി യുവ നേതൃത്വം ഉണ്ടാകുമെന്നും കേള്‍ക്കുന്നു. യുവാക്കള്‍ക്കു ഒട്ടുംതന്നെ പ്രാതിനിധ്യമില്ലാത്ത സാഹചര്യമാണ് ഇന്നത്തേത്. പ്രായമുള്ള സൂപ്പര്‍ താരങ്ങളുടെ നിയന്ത്രണ ചരടുകളും അപ്രമാദിത്വവും അഴിയുകയാണെന്നാണ് സൂചനകള്‍. സംഘടനകള്‍ ഉണ്ടായതോടുകൂടി പരസ്പരം പോരുവിളിച്ചു കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയായിരുന്നു. സംഘടനകള്‍ ഇല്ലാതിരുന്നകാലത്ത് ഇന്നത്തെ പ്രതിസന്ധികളുടെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തന്നെ റിലീസ് മുടങ്ങുകയോ മുടക്കുകയോ തിയറ്റര്‍ തന്നെ അടച്ചിടുകയോപോലുള്ള അവസ്ഥകള്‍ ഉണ്ടായിട്ടില്ല.

എന്നും മാറ്റങ്ങള്‍ ആഗ്രഹിയ്ക്കുന്ന പുതുതലമുറ താരങ്ങള്‍ സംഘടനാ തലപ്പത്തേയ്ക്ക് വന്നാല്‍ വലിയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button