NewsKarkkidakam

രാമായണത്തില്‍ സീതയുടെ പ്രസക്തി

 

വീണ്ടുമൊരു രാമായണ മാസം വന്നെത്തി. രാമായണമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് രാമനായിരിക്കാം. എന്നാല്‍ രാമനേക്കാള്‍ ഒട്ടും കുറവല്ലാത്ത സ്ഥാനവും പ്രാധാന്യവും സീതയ്ക്കുമുണ്ട്. സീതയുടെ പതറാത്ത പാതിവ്രത്യവും ക്ഷമയും സഹനശക്തിയും ആദര്‍ശനിഷ്ഠയുമെല്ലാം അനുപമമാണ്. ഭാരതീയ സ്ത്രീ സങ്കല്‍പം ജ്വലിച്ചു നില്‍ക്കുന്നത് സീതയിലാണ്. നൂറ്റാണ്ടുകളിലൂടെ നമ്മുടെ കുടുംബബന്ധങ്ങള്‍ പവിത്രമായി നിലനില്‍ക്കാന്‍ സീതയുടെ മാതൃകാ ജീവിതം കാരണമായിട്ടുണ്ട്.

മക്കളില്‍ മൂത്തവനായതിനാലും ദശരഥന്റെ പട്ടമഹര്‍ഷിയായ കൗസല്യയുടെ പുത്രനായതിനാലും രാജ്യം രാമന് അവകാശപ്പെട്ടതാണ്. ആ അവകാശം വിട്ടുകൊടുക്കാതിരിക്കാന്‍ സീതയ്ക്ക് രാമനെ പ്രേരിപ്പിക്കാമായിരുന്നു. എന്നാല്‍ സീത അതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ധര്‍മ്മമൂര്‍ത്തിയായ രാമന് അനുയോജ്യയായ ഭാര്യയാണ് താനെന്ന് സീത തെളിയിച്ചു.

വനവാസത്തിനു പുറപ്പെടുമ്പോള്‍ കൂടെ പോകുവാന്‍ തുനിഞ്ഞ സീതയെ രാമന്‍ ആദ്യം തടയുകയാണ് ചെയ്തത്. എന്നാല്‍ സുഖത്തിലും ദുഃഖത്തിലും ഭര്‍ത്താവിനോടൊപ്പം നില്‍ക്കുക എന്നത് തന്റെ കര്‍ത്തവ്യവും അവകാശവുമാണെന്ന് സീത രാമനെ ഓര്‍മ്മിപ്പിച്ചു. കര്‍ത്തവ്യങ്ങളില്‍ ഉപേക്ഷ കാട്ടി സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്നതാണ് സീതയുടെ വാക്കുകള്‍. സ്ത്രീകള്‍ അബലകളല്ലെന്നും അവരില്‍ മഹത്തായ ശക്തിയുണ്ടെന്നും സീത തെളിയിച്ചു.

വിരഹഭക്തിയുടെ ശക്തി തെളിയിക്കുന്നതാണ് സീതാപഹരണവും തുടര്‍ന്ന് സീത കടന്നുപോയ പരീക്ഷണങ്ങളും. രാമന്‍ കൂടെയുള്ളപ്പോഴാണ് സീത പൊന്‍മാനിനെ ആഗ്രഹിച്ചത്. എന്നുവച്ചാല്‍ ആഗ്രഹങ്ങള്‍ക്ക് അധീനയായി. എന്നാല്‍ രാവണന്റെ പിടിയിലായപ്പോള്‍ സീതയുടെ മനസ്സ് രാമനുവേണ്ടി സദാ തപിച്ചുകൊണ്ടിരുന്നു. കുതിരയ്ക്കു പട്ട വച്ചതുപോലെ മറ്റൊന്നിലേക്കും ശ്രദ്ധിക്കാതെ സീത രാമനെ മാത്രം ഓര്‍ത്തുകൊണ്ടിരുന്നു. സൂര്യന്റെ പ്രകാശത്തില്‍ നമ്മള്‍ സൂര്യനെയല്ല കാണുന്നത്, ലോക വസ്തുക്കളെയാണ്.

എന്നാല്‍, ചന്ദ്രന്റെ പ്രകാശത്തില്‍ നമ്മള്‍ ഇരുട്ടിനെയല്ല, ചന്ദ്രനെയാണ് ശ്രദ്ധിക്കുന്നത്. അതുപോലെ സീതയും ദുഃഖത്തില്‍ ഇരുട്ടിനെയല്ല കണ്ടത്, രാമചന്ദ്രനെ മാത്രമാണ്. ത്രിലോകങ്ങളും കീഴടക്കിയ രാവണന്‍ നേരിട്ടും ദൂതന്മാരെ അയച്ചും സീതയെ പലവിധത്തിലും പ്രലോഭിപ്പിച്ചു നോക്കി. തന്നെ സ്വീകരിച്ചാല്‍ സീതയെ ലങ്കയുടെ മഹാരാജ്ഞിയാക്കാമെന്നും, തനിക്കുള്ള സകല ഐശ്വര്യങ്ങളും സീതയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കാമെന്നും രാവണന്‍ വാഗ്ദാനം ചെയ്തു. പക്ഷെ സീത അല്‍പവും ചലിച്ചില്ല. ദുഷ്ടരാക്ഷസിമാരുടെ നിരന്തരമായ പീഡനങ്ങളും ചീത്തവിളിയും സീത ധീരതയോടെ സഹിച്ചു. അവയുടെയെല്ലാം നടുവില്‍ സീത രാമനെ മാത്രം സ്മരിച്ചു കൊണ്ടിരുന്നു. ആ വിരഹ ദുഃഖത്തില്‍ സീതയുടെ വാസനകള്‍ എരിഞ്ഞില്ലാതായി. ഒടുവില്‍ ഹൃദയം തികച്ചും പരിശുദ്ധമായി രാമനുമായി വീണ്ടും ഒന്നുചേരാനും സാധിച്ചു.

പ്രേമഭാജനം അകന്നിരിക്കുമ്പോഴാണ് പ്രേമത്തിന് കൂടുതല്‍ തീവ്രത ഉണ്ടാകുന്നത്. കരയ്ക്കിട്ട മത്സ്യം വെള്ളത്തിലേക്ക് തിരിച്ചു പോവാനായി കിടന്നു പിടയ്ക്കുന്നതുപോലെയുള്ള ഭാവമാണത്. അതാണ് നമ്മള്‍ സീതയിലും കാണുന്നത്. നിരന്തരം ഈശ്വരനെ സ്മരിക്കുന്ന ഭക്തന് ഏതു പ്രതിസന്ധിയുടെ നടുവിലും എല്ലാ യാതനകള്‍ക്കും അതീതമായി മനസ്സിനെ അചഞ്ചലമായി നിലനിര്‍ത്താനാകുമെന്ന് നമുക്കിതിലൂടെ മനസ്സിലാക്കാം. പ്രേമമുള്ളിടത്ത് ദൂരം പ്രസക്തമല്ല. സൂര്യന്‍ ഭൂമിയില്‍നിന്ന് എത്രയോ അകലെയാണെങ്കിലും സൂര്യനുദിക്കുമ്പോള്‍ ഭൂമിയിലുള്ള താമര വിരിയും.

ഭക്തന് എവിടെയും എപ്പോഴും ഭഗവാനെ സ്മരിക്കാം, അവിടുത്തെ സാന്നിദ്ധ്യം സദാ തന്റെയുള്ളില്‍ അനുഭവിക്കാം. ഏതു സാഹചര്യത്തിലായാലും സ്വധര്‍മ്മത്തിലും ആദര്‍ശത്തിലും ഉറച്ചുനില്‍ക്കാന്‍ സീതയ്ക്കു കഴിഞ്ഞിരുന്നു. സീതയെ പീഡിപ്പിക്കുന്ന രാക്ഷസിമാരെ വധിക്കാന്‍ തുനിഞ്ഞ ഹനുമാനെ അവരോടുള്ള അനുകമ്പയാല്‍ സീത തടയുന്നു. ലങ്കയില്‍ നിന്ന് സീതയെ മോചിപ്പിച്ച്, സ്വന്തം തോളിലേറ്റി ശ്രീരാമന്റെ അടുക്കല്‍ കൊണ്ടുപോകുവാന്‍ ഹനുമാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍, ശ്രീരാമപത്‌നിയായ തന്നെ മറ്റാരെങ്കിലും മോചിപ്പിച്ചാല്‍ അതു ശ്രീരാമന്റെ യശസ്സിനു കളങ്കം ചാര്‍ത്തുമെന്നായിരുന്നു വിവേകമതിയായ സീതയുടെ മറുപടി. ആപത്ഘട്ടങ്ങളില്‍പ്പോലും സീത മഹാമനസ്‌കതയും മനഃസാന്നിദ്ധ്യവും കൈവെടിഞ്ഞിരുന്നില്ല എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ആദ്യത്തെ അഗ്‌നി പരീക്ഷയില്‍ വിജയിച്ച സീതയോട് താന്‍ പതിവ്രതയാണെന്ന് സത്യപ്രതിജ്ഞ ചെയ്യുവാന്‍ യാഗവേളയില്‍ ആവശ്യം ഉയര്‍ന്നപ്പോള്‍ സീത തന്റെ പരിശുദ്ധിയും പാതിവ്രത്യവും തെളിയിച്ചു. എന്നാല്‍ സ്ത്രീത്ത്വത്തിന്റെ അന്തസ്സും അഭിമാനവും വെടിയാന്‍ കൂട്ടാക്കിയുമില്ല. അമ്മയായ ഭൂമിയുടെ മടിത്തട്ടില്‍ അഭയം തേടുകയാണ് ചെയ്തത്. അങ്ങനെ ഓരോ പരീക്ഷണങ്ങളിലും കൂടുതല്‍ കൂടുതല്‍ ഉജ്ജ്വലിക്കുന്നതാണ് സീതയുടെ വ്യക്തിത്വം.
സീതയുടെ ചരിതം ഈശ്വരാന്വേഷികള്‍ക്ക്് എന്നും പ്രചോദനമാണ്. കുടുംബങ്ങള്‍ക്ക് അതു മാര്‍ഗ്ഗദീപമാണ്. മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന പവിത്രഗംഗയാണത്.

 

shortlink

Related Articles

Post Your Comments


Back to top button