KeralaIndiaNewsInternationalBusinessVideos

ദിലീപിന്‍റെ അറസ്റ്റോടെ പുറത്ത് വരുന്നത് അമ്മയുടെ വികൃതമുഖം

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 

1. അമ്മയില്‍ കോടികളുടെ നികുതി വെട്ടിപ്പ്. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് സിനിമാ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്കെതിരെ ആദായ നികുതി വകുപ്പ് നടപടികള്‍ തുടരുമ്പോള്‍, ഇതിനെതിരെ സംഘടന അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, താരനിശകള്‍ക്ക് കിട്ടിയ പ്രതിഫലവും സംഘടന മറച്ചുവച്ചു. കുറേ വര്‍ഷങ്ങളായിട്ട്‌ അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം, എന്തുകൊണ്ടാണ് ഇന്നസെന്റെന്ന നടന്‍ വഹിക്കുന്നത് എന്നതിനെ ചുറ്റിപ്പറ്റിയും ഇപ്പോള്‍ ദുരൂഹതകള്‍ ഉയര്‍ന്നുവരുന്നുണ്ട്. നികുതി വെട്ടിപ്പിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നും, അമ്മയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പി.ടി തോമസ് എംഎല്‍എ പറഞ്ഞു.

2. സ്വന്തമായി പതാക രൂപീകരിക്കാന്‍ സമിതിയെ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കര്‍ണാടകത്തിനു സ്വന്തമായി പതാക രൂപകല്പന ചെയ്യാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ചത്. സ്വന്തമായി പതാക സാധ്യമാക്കുന്നതിന്റെ നിയമവശം പരിശോധിച്ച് റിപ്പോര്ട്ട് സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. എന്നാല്‍ സമിതി രൂപീകരിച്ചതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സ്വന്തമായി പതാക ഉണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് വിവാദങ്ങള്‍ക്ക് മറുപടിയായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

3. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ താവളമൊരുക്കുന്നു.

2016ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനെതിരായ റിപ്പോര്‍ട്ട് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയത്. ജയ്ഷ ഇ മുഹമ്മദ്‌, ലഷ്കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ഇപ്പോഴും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്ക് ഏര്‍പ്പെടുത്തിയ പല തീവ്രവാദ സംഘടനകളും പാകിസ്ഥാനില്‍ പരിശീലനവും പണ സമാഹരണവും നടത്തുന്നുണ്ടെന്നും,
പാക് തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍.

സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദം ഗൗരവമുള്ളതാണെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. പണം വാങ്ങിയെന്ന കാര്യത്തില്‍ സമ്മതം അറിയിച്ച ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെതിരെയും നടപടിയുണ്ടാകും. മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്നു പറഞ്ഞു ബി.ജെ.പി. നേതാക്കള്‍ അഞ്ചു കോടി അറുപതുലക്ഷം രൂപ കൈപ്പറ്റിയതായി വ്യക്തമാക്കുന്ന അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നെന്ന കാര്യം ഉടന്‍ അന്വേഷിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

5. അമേരിക്ക 500 കോടി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍.

1998 ലാണ്‌ പാകിസ്ഥാന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറുന്നതിന് പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്, അമേരിക്ക പണം വാഗ്ദാനം ചെയ്തത്‌. നവാസ് ഷെരീഫും അദ്ദേഹത്തിന്റെ മക്കളും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തന്റെ വിശ്വസ്തതയും രാജ്യസ്‌നേഹവും വ്യക്തമാക്കിക്കൊണ്ട് പാകിസ്ഥാന്‍ പ്രസിഡന്റ്‌ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് പ്രകാരം അന്വേഷണം പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനു വേണ്ടിയുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ 62-ാം മുറിയില്‍ പുരോഗമിക്കുന്നു. 70 ശതമാനത്തിലേറെ വോട്ടുകള്‍ നേടി രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്നാണ് എന്‍.ഡി.എ. കണക്കു കൂട്ടുന്നത്.

2. സ്കൂള്‍ വിദ്യാര്‍ഥികളുടെ, ബാഗ് ഭാര നിയന്ത്രണവുമായി തെലങ്കാന സര്‍ക്കാര്‍. അമിത ഭാരം ചുമക്കുന്നതുമൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.

3. പുതിയ സുരക്ഷാ സംവിധാനങ്ങളുമായി സംസ്ഥാന ലോട്ടറി പുറത്തിറങ്ങി. സമ്മാനം ലഭിക്കുന്നവര്‍ ഒന്നിലേറെ ഏജന്ടുമാരില്‍ നിന്നും പണം തട്ടുന്നത് തടയാനാണിത്.

4. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.

5. സുനന്ദ പുഷ്കര്‍ കേസില്‍ മൂന്ന് ദിവസത്തിനകം സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ആഗസ്റ്റ്‌ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും

6. ദിലീപിനെതിരായ ഭൂമി കയ്യേറ്റ ഹര്‍ജിയില്‍ ലോകായുക്ത നോട്ടീസ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ കയ്യേറ്റ ഭൂമിക്കെതിരെ ലഭിച്ച പരാതിയിലാണ് ലോകായുക്ത നോട്ടീസ് നല്‍കിയത്.

7. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ. ആറു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയോടാണ് ഇന്ത്യ ഇന്ന് ഏറ്റുമുട്ടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button