KeralaLatest NewsNews

ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എം.എം. മണി

നെടുങ്കണ്ടം: ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി. റവന്യു വിഭാഗത്തിനെതിരെ കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ സംയുക്ത സർവേയെ തുടർന്നുണ്ടായ അതിർത്തിത്തർക്കത്തിലാണ് മന്ത്രിയുടെ രൂക്ഷ വിമർശനം. കേരളത്തിന്റെ ഭൂമി നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികൾ കലക്ടറും സബ്കലക്ടറും തഹസിൽദാരും സർവേയർമാരുമാണെന്ന് മന്ത്രി എം.എം.മണി ആരോപിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കത്തിലിടപെടാൻ സബ്കലക്ടർക്കും കലക്ടർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് കമ്പംമെട്ടിൽ കേരളവും തമിഴ്‌നാടും ചേർന്നു നടത്തിയ സംയുക്ത സർവേയിൽ കേരളത്തിന്റെ ഭൂമി നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

സബ് കലക്ടറും കലക്ടറും ചേർന്നല്ല കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിനിർണയം പോലുള്ള സങ്കീർണമായ കാര്യങ്ങളിൽ തീരുമാനമെടുക്കണ്ടത്. ശ്രീറാം വെങ്കിട്ടരാമനും ഉത്തമപാളയം ആർഡിഒയും കൂടി വിചാരിച്ചാൽ വർഷങ്ങളായുള്ള കമ്പംമെട്ടിലെ അതിർത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പംമെട്ടിലെ തർക്കപ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഖജനാവിൽ നിന്നു ശമ്പളം വാങ്ങിയിട്ടു കേരളത്തിന്റെ ഭൂമി തമിഴ്‌നാടിനു നൽകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾക്കു ശുപാർശചെയ്യുമെന്നു മന്ത്രി പറഞ്ഞു.

കലക്ടർ വിഷയം സങ്കീർണമായിട്ടും സ്ഥലം സന്ദർശിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉടനടി പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയെ സമീപിക്കും. കേരളത്തിന്റെ ഭൂമിയിൽ തമിഴ്‌നാട് ഇട്ടിരിക്കുന്ന കല്ല് ഒരുകാരണവശാലും അംഗീകരിക്കില്ല. വനംമന്ത്രി കെ.രാജു സ്ഥലം സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കിയതാണ്. ഉന്നത തലത്തിലുള്ള ഇടപെടൽ വിഷയത്തിൽ ഉടൻതന്നെ ഉണ്ടാകും. തമിഴ്‌നാട്ടിലെ തമിഴ് ഫോർവേർഡ് ബ്ലോക്കെന്ന രാഷ്ട്രീയ കക്ഷിയുൾപ്പെടെയുള്ളവർ പ്രദേശത്തു കൊടിനാട്ടിയതും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പൊറുക്കാൻ കഴിയുന്നതല്ല. പ്രശ്‌നത്തിൽ ഉടൻ ഉന്നതതല ഇടപെടലുണ്ടാകുമെന്നും, പ്രദേശത്തെ സമാധാനം  നിലനിര്‍ത്താൻ കമ്പംമെട്ടിൽ സർവകക്ഷിയോഗം വിളിക്കണമെന്നും മന്ത്രി മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button