KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കി : പുറത്താക്കിയത് ശകാരിച്ചുകൊണ്ട്

 

തിരുവനന്തപുരം : മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.

9.30ന് മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജരോട് കയര്‍ത്തു.

മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്.

സാധാരണഗതിയില്‍, ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മാധ്യമങ്ങള്‍ മുറിവിട്ട് ഇറങ്ങാറുള്ളത്. തലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button