Latest NewsCinemaMovie SongsEntertainmentEditorial

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ചാലക്കുടി നഗരസഭ:  ഡി സിനിമാസ് പൂട്ടിച്ചവര്‍ക്ക് വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിക്കണ്ടേ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുകയാണ്. കേസിനു പിന്നാലെ ദിലീപിനെതിരെ ആരോപണങ്ങളും പരാതികളും വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അതില്‍ ഒന്നായിരുന്നു ഡി സിനിമാസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും കെട്ടിട നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതല്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തിയിരുന്നു. എങ്കിലും വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡിസിനിമാസ് പൂട്ടിയിടുവാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. എന്തിനായിരുന്നു ഈ പൂട്ടിക്കല്‍. ഇതൊരു നാടകവും ഗൂഡാലോചനയുമാണോ?? ഇത്തരം സംശയങ്ങള്‍ ഉയരുക സ്വാഭാവികം. കാരണം ഇവിടത്തെ എല്ലാ സ്ഥാപനങ്ങളും നിയമവിധേയമായിട്ടാണോ പ്രവര്‍ത്തിക്കുന്നത്?. കഴിഞ്ഞ ദിവസം കേരളത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇടത് എം‌എല്‍‌എ പി.വി അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് വലിയ വാര്‍ത്തയായിരുന്നതാണ്. കോഴിക്കോട് കക്കാടം‌പൊയിലിലാണ് അനുമതികളില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന് പോലും സുരക്ഷിതത്വമില്ലാത്ത രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണം. പാര്‍ക്കിനായി വഴിവിട്ട സഹായങ്ങള്‍ കക്കാടം‌പൊയില്‍ പഞ്ചായത്താണ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പരിസ്ഥിതിലോല പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതും. ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ നമ്മുടെ മുന്നില്‍ നടക്കുമ്പോഴാണ് വ്യക്തി വിരോധത്തിനു തുല്യമായ രീതിയില്‍ ദിലീപ് വിഷയം ഉയരുന്നത്.

നിങ്ങള്‍ ഒന്ന് നോക്കൂ. ഒരു കേസില്‍ ആരോപണവിധേയന്‍ മാത്രമാണ് ദിലീപ്. വിചാരണ കോടതിയുടെ അന്തിമ വിധി വന്നിട്ടില്ല. മുന്‍വിധികളോടെ ദിലീപിനെ കുറ്റക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ ഉദ്യമിക്കുന്ന മാധ്യമങ്ങള്‍ പോലും നഗരസഭയുടെ ഈ രീതി കാണുന്നില്ലേ?. ഇന്നലെ വരെ കൗണ്‍സിലര്‍മാര്‍ കുടുംബ സമ്മേതം ഇവിടെ നിന്നും സിനിമ കാണുമ്പോള്‍ തോന്നാതിരുന്ന നിയമലംഘനമാണ് ഇപ്പോള്‍ കണ്ടെത്തിയത് എന്നതില്‍ തന്നെ ‘ഹിഡന്‍ അജണ്ട’യില്ലേ??
കയ്യേറ്റക്കാരനാണെന്ന ആരോപണം സര്‍വേ വിഭാഗത്തിന്റെ പരിശോധനയില്‍ പൊളിഞ്ഞതിന്റെ അമര്‍ഷം തീര്‍ക്കേണ്ടത് ഇങ്ങനെയാണോ? വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന പേരില്‍ മാത്രം ഏത് സ്ഥാപനമാണ് രാജ്യത്ത് പൂട്ടിയിട്ടിട്ടുള്ളത് ? അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് നിരവധി കെട്ടിടങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടല്ലോ ,അത് പൂട്ടിയിടേണ്ടതല്ലേ ? ഇതൊന്നും ദിലീപിനെ ന്യായീകരിക്കാന്‍ ചോദിക്കുന്നതല്ല. നിങ്ങള്‍ ചിന്തിക്കൂ…

അഞ്ച് എച്ച്.പിയില്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നഗരസഭ കൗണ്‍സിലിന്റെ അനുമതി വേണമെന്നും മുന്‍ കൗണ്‍സിലിന്റെ കാലത്ത് കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരമില്ലാതെ തന്നെ സെക്രട്ടറി പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നുമെന്നുമാണ് ഡി സിനിമാസിനെതിരെ ഉയരുന്ന മറ്റൊരു വാദം. എന്നാല്‍ ഇപ്പോഴും ഈ കൌണ്‍സിലര്‍ക്ക് എതിരേ വിമര്‍ശനം ഉയരാത്തത് എന്തുകൊണ്ട്? സകല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഫയര്‍ഫോഴ്‌സ് അടക്കം നല്‍കിയിട്ടും അടച്ചു പൂട്ടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവരാണ് ഒരു നിസാര കാരണം പറഞ്ഞ് ഡി. സിനിമാസിനെതിരെ ഉറഞ്ഞു തുള്ളുന്നത്.

900 സീറ്റുകള്‍ അടങ്ങുന്ന മൂന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസില്‍ ഭക്ഷണശാല ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വാശിയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ ഒരു സ്ഥാപനം അടച്ചു പൂട്ടുമ്പോള്‍ അതിലെ ജീവനക്കാര്‍ക്കുണ്ടാകുന്ന നഷ്ടം എത്ര വലുതാണ്‌. അതൊന്നും ആരും ചിന്തിക്കുന്നില്ല. നടിയുടെ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മാത്രമേ കയ്യേറ്റവും കണ്ടെത്തിയുള്ളോ? എന്തുകൊണ്ട് ഇപ്പോള്‍ മാത്രം ഇത് സജീവ ചര്‍ച്ചയായി?

ചാലക്കുടിയില്‍ തന്നെ ടോയ്ലറ്റ് സൗകര്യം പോലുമില്ലാത്ത തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്ക്കെതിരെയൊന്നും ഇല്ലാത്ത നടപടിയാണ് ദിലീപിന്റെ തീയറ്ററിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് ഡി സിനിമാസിലെ ജീവനക്കാര്‍ പറയുന്നു

ഡി സിനിമാസിനും ദിലീപിനും എതിരെ നടക്കുന്നത്‌ വ്യക്തമായ ഗൂഢാലോചനയാണെന്ന് തീയറ്റർ ജീവനക്കാർ തെളിവു സഹിതം തുറന്നു കാട്ടുന്നു. ചാലക്കുടി നഗരസഭ കൗൺസിലർ മാർ ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും, ദിലീപിന്റെ സ്ഥാപനങ്ങൾ ഇല്ലാതാക്കിയാൽ ആർക്കാണ്‌ നേട്ടമെന്നും അവർ ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ?

ഡി സിനിമാസിന് തിയറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആവശ്യമുള്ള എല്ലാ ലൈസന്‍സുകളും പുതുക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നികുതി അടക്കുന്നതിലും ഡി സിനിമാസ് വീഴ്ച വരുത്തിയിട്ടില്ല. രണ്ടരക്കോടിയോളം രൂപ ചാലക്കുടി നഗരസഭയിലേക്ക് നികുതി അടച്ചിട്ടുണ്ട്. ഈ വര്‍ഷങ്ങളില്‍ ഒന്നും നിയമവിരുദ്ധത കണ്ടില്ലെന്നതു വിരോധാഭാസം തന്നെയല്ലേ.

ദിലീപ് ‘വിചാരണ’ നടത്തിയ ചാനലില്‍ തന്നെ സ്വന്തം സഹപ്രവര്‍ത്തകന്‍ സ്ത്രീ പീഡന കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച നടത്തേണ്ടി വന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു.
നവമാധ്യമങ്ങളുടെ കാലത്ത് ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുല്യരാണ്. അവന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമെല്ലാം അവന്റെ ആശയങ്ങള്‍ പ്രചരിക്കാനുള്ള മികച്ച ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നു. ഏറ്റവും പ്രഹര ശേഷിയുള്ള ആയുധങ്ങള്‍. അതുകൊണ്ട് തന്നെ സത്യം എപ്പോഴും മറച്ചു വയ്ക്കപ്പെടാന്‍ സാധ്യമല്ലയെന്നു ഓര്‍ക്കുന്നത് നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button