KeralaLatest NewsNews

സനാ ഫാത്തിമയെ കാണാതായിട്ട് നാല് ദിവസം : ദുരൂഹതയേറുന്നു

കാസര്‍ക്കോട്: പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുന്നു. കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിയെടുത്തോ എന്ന ആശങ്കയിലാണ് ബന്ധുക്കള്‍. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചില്‍ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു. സന ഒഴുക്കില്‍പ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്.

പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമാപണവുമെത്തി.

വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീര്‍ച്ചാലിനോട് ചേര്‍ന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റര്‍ അകലെ പുഴയിലാണ് ഈ നീര്‍ച്ചാല്‍ ചേരുന്നത്. റോഡിനോട് ചേര്‍ന്ന് പൈപ്പിലൂടെയാണ് നീര്‍ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button