Latest NewsKeralaNewsGulf

ഓണക്കാലത്ത് കീശ കീറാതെ നാട്ടിലെത്താം: 40 അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരംദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓണക്കാലത്ത് ഷാര്‍ജയിലേക്ക് 40 അധിക സര്‍വീസ് നടത്തും. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നാകും ഷാര്‍ജയിലേക്കുള്ള അധിക സര്‍വീസുകള്‍. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ്. 186 സീറ്റുകള്‍ ഉള്ള ബോയിംഗ് 737 വിമാനങ്ങള്‍, ആഗസ്റ്റ്‌ 22 മുതല്‍ സെപ്റ്റംബര്‍ 4 വരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

40 സര്‍വീസുകള്‍ ഷാര്‍ജയിലേക്കും തിരിച്ചുമുണ്ടാകും. ഇതില്‍ 36 എണ്ണവും കേരളത്തില്‍ നിന്ന് തന്നെയാകും. ഇതില്‍ 16 വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്നും 6 വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നും 14 വിമാനങ്ങള്‍ കോഴിക്കോട് നിന്നുമാകും സര്‍വീസ് നടത്തുക. ഓണം സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച മറ്റ് വിമാനക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടി.

പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നുണ്ട്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്ലോട്ട് ലഭിക്കുന്നതനുസരിച്ച് സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button