Latest NewsNewsGulf

സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ മലയാളിയുടെ തട്ടിപ്പ്: ഇന്ത്യയിലേക്ക് മുങ്ങിയ വിരുതന്‍

ഖോര്‍ഫക്കാന്‍: സൂപ്പര്‍മാര്‍ക്കറ്റ് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി ഇന്ത്യയിലേക്ക് മുങ്ങി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് തട്ടിപ്പ് നടത്തിയത്. ഖോര്‍ഫക്കാനിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി കെ.മുസ്തഫയാണ് ഇയാളുടെ തട്ടിപ്പിനിരയായത്.

ഇയാള്‍ക്ക് 65,000 ദിര്‍ഹം നഷ്ടമായി. ഇതുസംബന്ധമായി മുസ്തഫ ഖോര്‍ഫക്കാന്‍ പോലീസില്‍ പരാതി നല്‍കി. തന്റെ സ്ഥാപനം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ട് കഴിഞ്ഞ മാസം തുടക്കത്തില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുവീരന്‍ ഫോണ്‍ വിളിക്കുകയായിരുന്നു. തനിക്ക് സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ മുസ്തഫ ഇയാളെ കടയിലേയ്ക്ക് ക്ഷണിച്ചു.

കട കണ്ട് ഇഷ്ടപ്പെട്ട ഇയാള്‍ പ്രതിമാസം എത്ര ദിര്‍ഹമിന്റെ വ്യാപാരം നടക്കുന്നുണ്ട് എന്നറിയാന്‍ ഒരു മാസം കടയില്‍ നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മുസ്തഫ അനുവദിച്ചു. കഴിഞ്ഞ മാസം നാലിന് മുഹമ്മദ് ബഷീര്‍ കടയിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കടയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ഇയാള്‍ ആരെയും ആകര്‍ഷിക്കും വിധം വളരെ മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്ന് മുസ്തഫ പറഞ്ഞു. മുസ്തഫയും മുഹമ്മദ് ബഷീറും കടയിലെ ജീവനക്കാരുമെല്ലാം ഒരേ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

രാവിലെ കട തുറക്കുന്നത് മുതല്‍ രാത്രി അടക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം മനസിലാക്കിയ മുഹമ്മദ് ബഷീര്‍ അന്നത്തെ വരുമാനം എവിടെ സൂക്ഷിച്ച് വയ്ക്കുന്നത് എന്നും മനസ്സിലാക്കിയിരുന്നു. പറഞ്ഞ കച്ചവടം ലഭിക്കുന്നുണ്ട് എന്ന് മനസിലായെന്നും താന്‍ കട വാങ്ങിക്കാന്‍ തീരുമാനിച്ചതായും മുഹമ്മദ് ബഷീര്‍ അറിയിച്ചു. മറ്റു ചിലരില്‍ നിന്ന് കിട്ടാനുള്ള പണം കിട്ടിക്കഴിഞ്ഞാല്‍ കട ഏറ്റെടുക്കാം എന്നായിരുന്നു കരാര്‍. കടയുടെ ലൈസന്‍സ് പുതുക്കാന്‍ വേണ്ടി സ്‌പോണ്‍സര്‍ക്ക് നല്‍കാനുള്ള 35,000 ദിര്‍ഹം 24ന് രാത്രി മുസ്തഫ കടയില്‍ സൂക്ഷിച്ചുവച്ചു.

രാത്രി കടയടച്ച് എല്ലാവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ കടയിലെത്തി നോക്കിയപ്പോഴാണ് ലൈസന്‍സ് പുതുക്കാനുള്ള 35,000 ദിര്‍ഹം, തലേന്നത്തെ വരുമാനം എന്നിവ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഉടന്‍ താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോള്‍, തന്റെ ബാഗുമായി മുഹമ്മദ് ബഷീര്‍ കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍, മുഹമ്മദ് ബഷീര്‍ കടയില്‍ നിന്ന് പണമെടുത്ത് രക്ഷപ്പെടുന്നതായി കണ്ടെത്തി. വൈകിട്ട് ടെലിഫോണ്‍ കാര്‍ഡ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് 12,000 ദിര്‍ഹമിന്റെ കാര്‍ഡുകള്‍ വാങ്ങിയിരുന്ന കാര്യം അറിഞ്ഞതെന്ന് മുസ്തഫ പറഞ്ഞു.

അന്വേഷണത്തില്‍ മുഹമ്മദ് ബഷീറിന്റെ ബന്ധുക്കള്‍ യുഎഇയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തുകയും അവരോട് മുസ്തഫ കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തു. പണം തിരിച്ചുതരാന്‍ വഴിയുണ്ടാക്കാമെന്ന് ബന്ധുക്കള്‍ ആദ്യം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്ന് മുസ്തഫ സിസിടിവി ദൃശ്യങ്ങളടക്കം തട്ടിപ്പുകഥ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button