Latest NewsInternationalGulf

സൗദിയുടേത് രാഷ്ട്രീയവത്കരിക്കപ്പെട്ട നടപടിയെന്ന് ഖത്തർ

ദോഹ: രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനം രാഷ്ട്രീയവത്കരിക്കപ്പെട്ടതാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. എന്നാല്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മറ്റി അഭിപ്രായപ്പെട്ടു.
“ഖത്തറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗദിയുടെ നടപടിക്കുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി വീണ്ടും തീര്‍ഥാടനത്തിനനുവദിച്ച രീതി രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നും” ശൈഖ് മുഹമ്മദ് ബിന്‍ ചൂണ്ടിക്കാട്ടി. സ്റ്റോക്ക്ഹോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സ്വീഡിഷ് വിദേശകാര്യ മന്ത്രിക്കൊപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. നടപടി രാഷ്ട്രീയവത്കരിക്കപ്പെട്ടതാണെങ്കിലും രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തില്‍ അനുകൂലമായി പ്രതികരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ വ്യക്തമാക്കി. രാജ്യത്തെ വിശ്വാസികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള വഴി തുറന്നുവെന്നതാണ് പ്രധാനമെന്നും രാഷ്ട്രീയ തര്‍ക്കങ്ങളില്‍നിന്ന് ഹജ്ജിനെ മാറ്റിനിര്‍ത്തണമെന്നുമുള്ള ആവശ്യമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

അതേസമയം സൗദിയുടെ തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെങ്കിലും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും അഭിപ്രായപ്പെട്ടു. ഖത്തറില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരേയും ഒരുപോലെ പരിഗണിക്കണമെന്നും വിവേചനം പാടില്ലെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഹജ്ജ് കര്‍മ്മത്തെ രാഷ്ട്രീയകാര്യങ്ങള്‍ക്കോ വ്യക്തിപരമായ കണക്കുകൂട്ടലുകള്‍ക്കോ മധ്യസ്ഥതകള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. മനുഷ്യാവകാശ-ഇസ്ലാമിക് നിയമങ്ങള്‍ പ്രകാരമുള്ള അന്താരാഷ്ട്ര ഉടമ്പടികളിലൂടെ ഉറപ്പാക്കിയ അവകാശമാണ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുകയെന്നും കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് നിന്നുള്ള എല്ലാ തീര്‍ഥാടകര്‍ക്കും ഹജ്ജ് നിര്‍വഹിക്കാനായി കര, വ്യോമ ഉപരോധം പിന്‍വലിക്കണമെന്ന് ശനിയാഴ്ച കമ്മിറ്റി സൗദിയോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടിരുന്നു.

ഇലക്ട്രോണിക് അനുമതിയില്ലാതെ ഖത്തറി പൗരന്മാര്‍ക്ക് ഹജ്ജിനായി അബു സമ്ര (സല്‍വ) അതിര്‍ത്തി കടന്നെത്താമെന്നാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉത്തരവിട്ടത്. മാത്രമല്ല ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ അഹ്സ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും ഖത്തറി പൗരന്മാരെ സൗജന്യമായി മക്കയിലേക്ക് എത്തിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദോഹയിലെത്തി ഖത്തറി പൗരന്മാരെ തീര്‍ഥാടനത്തിനായി ജിദ്ദയിലേക്ക് കൊണ്ടുവരാന്‍ സൗദി അറേബ്യന്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സൗദിയുടെ നടപടിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കാതെ ഹജ്ജിനായി സൗദിയിലേക്ക് യാത്ര ചെയ്യില്ലെന്നും ഉപരോധം പിന്‍വലിക്കാതെ തീര്‍ഥാടനമില്ലെന്നുമുള്ള ഹാഷ് ടാഗ് ഉപയോഗിച്ചാണ് പ്രചാരണം. സൗദിയുടെ മേലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ട് ഖത്തര്‍ എയര്‍വേയ്സില്‍ മാത്രമേ ഹജ്ജിനായി സൗദിയിലെത്തുകയുള്ളുവെന്നും ഖത്തറി സര്‍ക്കാരിന്റെ തീരുമാനപ്രകാരം മാത്രമേ ഹജ്ജ് നിര്‍വഹിക്കുകയുള്ളുവെന്നുമുള്ള അഭിപ്രായങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയും പ്രകടമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button