KeralaLatest NewsNews

ഒന്നേകാല്‍ ലക്ഷം കൈക്കൂലി വാങ്ങിയത് എനിക്ക് വേണ്ടി മാത്രമല്ല; എക്സൈസ് ആസ്ഥാനത്ത് കൂട്ട സ്ഥലമാറ്റം

തിരുവനന്തപുരം: സുപ്രീംക്കോടതി വിധിയുടേയും സര്‍ക്കാര്‍ നയ മാറ്റത്തിന്റേയും ചുവടു പിടിച്ച്‌ ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് എക്സൈസ് ആസ്ഥാനത്തു കൂട്ട സ്ഥലമാറ്റം. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 11 പേരെ മാറ്റിയത്. മന്ത്രിയുടെ പക്കല്‍ പരാതി എത്തിയതിനെത്തുടര്‍ന്നാണ് നടപടി. സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണു ഭൂരിപക്ഷവും. എന്നാല്‍, കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ മാറ്റിയില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

ബാര്‍ ലൈസന്‍സ് അനുവദിക്കാനായി ഒന്നേകാല്‍ ലക്ഷം രൂപ എക്സൈസ് ആസ്ഥാനത്തെ ചിലര്‍ ആവശ്യപ്പെട്ടുവെന്നു മധ്യമേഖലയിലെ ചില ബാറുടമകള്‍ മന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കി. ഉദ്യോഗസ്ഥന്റെ പേരും കൈമാറി. തുടര്‍ന്ന്, ഈ ഉദ്യോഗസ്ഥനെ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഓഫിസില്‍ വിളിച്ചു താക്കീതു ചെയ്തു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ വേണ്ടിയാണ് ഇതു ചോദിച്ചതെന്നും സ്ഥിരം ഏര്‍പ്പാടാണെന്നും ഇദ്ദേഹം പറഞ്ഞതായാണു സൂചന. തുടര്‍ന്നു ഋഷിരാജ് സിങ്ങിനെ മന്ത്രി ഓഫിസില്‍ വിളിപ്പിച്ച്‌ ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിച്ചു.

എക്സൈസ് വിജിലന്‍സ് എസ്പി: ആര്‍.രാമചന്ദ്രന്‍ നായരെ അന്വേഷണം ഏല്‍പിച്ചു. കഴിഞ്ഞ ദിവസം എസ്പി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്നാണു ഋഷിരാജ് സിങ് പറഞ്ഞത്. സാധാരണ, എക്സൈസ് ആസ്ഥാനത്ത് ഒരേ സീറ്റില്‍ ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിവരെ മാറ്റാറുണ്ട്. അത്തരത്തിലാണ് 11 പേരെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ആസ്ഥാനത്തെ മറ്റു സെക്ഷനുകളില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടിക ഉടന്‍ കൈമാറാന്‍ ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. അതു ലഭിക്കുന്നതോടെ അവര്‍ക്കും മാറ്റമുണ്ടാകും.

ഒന്നിലധികം ബാറുകളുള്ള ഒരു ഗ്രൂപ്പിനോടാണ് ഉദ്യോഗസ്ഥര്‍ കോഴ ചോദിച്ചത്. ഇവര്‍ പരാതി രേഖാമൂലം നല്‍കിയതുമില്ല. ബാര്‍ ലൈസന്‍സ് പുതുക്കുകയും അനുവദിക്കുകയും ചെയ്യുന്ന എക്സൈസ് ആസ്ഥാനത്തെ സി സെക്ഷനിലെ ഉദ്യോഗസ്ഥരെയാണു മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button